ഇരിങ്ങാലക്കുട: പന്ത്രണ്ട് വര്‍ഷക്കാലത്തോളമായി തരിശ് ഭൂമിയായി കിടന്നിരുന്ന ഇരിങ്ങാലക്കുട പടിഞ്ഞാറെ കോമ്പാറ പെരുവല്ലി പാടത്താണ് സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസ് ആന്റോ വിത്തിറക്കി നൂറ് മേനി വിളവുണ്ടാക്കിയത്. എംഎല്‍എ പ്രൊഫ.കെ.യു അരുണന് പെരുവല്ലിപാടത്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് കോളേജിന്റെ തന്നെയായ ഈ 5 ഏക്കര്‍ തരിശ് കിടക്കുന്ന ഭൂമി സിസ്റ്റര്‍ കോളേജില്‍ നിന്നും പാട്ടത്തിന് എടുത്താണ് കൃഷി തുടങ്ങിയത്.
രണ്ട് ഏക്കറില്‍ പച്ചക്കറിയും ബാക്കി മൂന്നേക്കറില്‍ നെല്ല് വിതയ്ക്കുകയുമായിരുന്നു. പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷി നടത്തിയത്. കാഞ്ചന നെല്ല് വിത്ത് ഉപയോഗിച്ച് പരാമ്പരാഗത കൃഷി രീതികള്‍ അവലംബിച്ചാണ് സിസ്റ്റര്‍ മണ്ണില്‍ പൊന്ന് വിളയിച്ചത്. സിസ്റ്ററുടെ കൃഷിയ്ക്ക് മാര്‍ഗനിര്‍ദേശം നല്കി ഇരിങ്ങാലക്കുട കൃഷിഭവനിലെ സുകുമാരന്‍ സഹായത്തിനുണ്ടായിരുന്നു. വിളവെടുത്ത നെല്ല് പരാമ്പരാഗത രീതിയില്‍ തന്നെ വേവിച്ച് ഉണക്കി കുത്തിച്ച് ഇരിങ്ങാലക്കുടയിലെ തന്നെ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുവാന്‍ ആണ് സിസ്റ്റര്‍ റോസ് ആന്റോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ക്രിസ്റ്റി, വൈസ് പ്രിന്‍സിപ്പാള്‍ ലില്ലി കാച്ചപ്പിള്ളി, വാര്‍ഡ് കൗണ്‍സിലര്‍ വി സി വര്‍ഗീസ് തുടങ്ങിയവര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. സിസ്റ്ററുടെ സഹായത്തിനായി നമ്മുടെ ഇരിങ്ങാലക്കുട ഫേസ്ബൂക്ക് കൂട്ടായ്മയും സജീവമായി രംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: