ശബരിമല: സന്നിധാനത്തും പമ്പയിലും അതീവ സുരക്ഷ ഏര്‍പ്പെടുത്തിയെന്നു പറയുമ്പോഴും പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ടാക്ടറില്‍ സാധനങ്ങള്‍ എത്തിക്കുന്നതില്‍ സുരക്ഷ വീഴ്ച തുടരുന്നു. സുരക്ഷ പരിശോധനയുടെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരുന്നു. പമ്പയിലല്ല പരിശോധന നടത്തേണ്ടതെന്നും ശബരിമലയിലാണെന്നുമാണ് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞത്.
പമ്പയില്‍ പരിശോധന നടത്തിയാലും ഇടയ്ക്ക് വച്ച് ടാക്ടറില്‍ സാധനം കയറ്റിയാല്‍ പിടികൂടാന്‍ സാധിക്കില്ലെന്നാണ് ഈ ഉദ്യോഗസ്ഥന്റെ വിശദീകരണം. പമ്പയില്‍ പരിശോധന നടത്തിവേണം സാധനങ്ങള്‍ സന്നിധാനത്തേക്ക് അയക്കാനെന്നാണ് സന്നിധാനം സ്പെഷ്യല്‍ ഓഫീസറുടെ നിലപാട്. സന്നിധാനത്ത് പരിശോധന നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.
ദര്‍ശനത്തിന് എത്തുന്ന ഭക്തരെ പമ്പയിലും സന്നിധാനത്തും പരിശോധനയ്ക്കു വിധേയമാക്കുന്നു. എന്നാല്‍ സാധനങ്ങള്‍ പരിശോധിക്കേണ്ട കാര്യമില്ലെന്ന വിചിത്രമായ നിലപാടാണ് ഉദ്യോഗസ്ഥരുടേത്.
സുരക്ഷ കര്‍ശനമാക്കിയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുമ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സാധനങ്ങള്‍ യഥേഷ്ടം സന്നിധാനത്ത് എത്തുന്നു.
















