മറ്റു ജീവികളില്‍നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്നത് അവന്റെ ധര്‍മചിന്തയാണ്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് പോലും ധര്‍മത്തിലധിഷ്ഠിതമാണ്. ധര്‍മതത്വം വളരെ സൂക്ഷ്മവും ഗഹനവുമാണ്. ഭാരതത്തിലുള്ള എല്ലാ ഗ്രന്ഥങ്ങളും ധര്‍മത്തെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതൊരു വസ്തുവിനെയും അതിന്റെ സ്വരൂപത്തില്‍ നിലനിര്‍ത്തുന്നത് ധര്‍മ്മമെന്ന് പറഞ്ഞിട്ടുണ്ട്.
ജന്മമെടുത്ത ഓരോ ജീവിക്കും പ്രകൃതിസഹജമായ ചില സ്വഭാവങ്ങളുണ്ട്. പക്ഷി-മൃഗാദികള്‍ ഈ സ്വഭാവം ജീവിതാന്ത്യംവരെ വലിയ മാറ്റം കൂടാതെ പിന്തുടരുന്നതു കാണാം. താറാവുകുഞ്ഞിനെ നീന്തലുപഠിപ്പിക്കേണ്ട എന്നൊരു ചൊല്ലുതന്നെയുണ്ട്. പറക്കാന്‍ പഠിക്കാതെ തന്നെ പറക്കുന്ന പക്ഷിയും, പഞ്ചമരാഗം പാടുന്ന കുയിലും, നൃത്തമാടുന്ന മയിലുമെല്ലാം ഇപ്രകാരം സഹജമായ വാസനകളുമായി ജീവിക്കുന്നവയാണ്. എല്ലാ കാലത്തും എല്ലാ ദേശത്തും ഇവ ഏതാണ്ട് പൊതുസ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. ഇതവയുടെ പ്രകൃതിയാണ്.
എന്നാല്‍ മനുഷ്യനങ്ങനെയല്ല. പ്രകൃതി സഹജമായ സ്വഭാവത്തോടൊപ്പം വികൃതമായ സ്വഭാവത്തിലേക്ക് പതിക്കുന്നവനും സംസ്‌കൃതിയിലേക്ക് ഉയരുന്നവനുമാണ്. മനസ്സ്,ബുദ്ധി,അഹങ്കാരം, ചിത്തം എന്നീ അന്തഃകരണങ്ങളുടെ സംസ്‌കരണത്തിലൂടെ പ്രകൃതസ്വഭാവത്തില്‍നിന്ന് ഉയര്‍ന്നതലത്തിലുള്ള സംസ്‌കൃതിയിലെത്തുന്നു. അന്തഃകരണങ്ങളുടെ സംസ്‌കരണമില്ലാതായാല്‍ മനുഷ്യന്‍ വികൃതമാകുന്നു. അപ്പോള്‍ മനുഷ്യന്‍ പക്ഷിമൃഗാദികളെക്കാളും താഴ്ന്ന അവസ്ഥയാണ്.
പക്ഷി-മൃഗാദികള്‍ വിശപ്പിന് ഭക്ഷണം കഴിക്കുന്നു. ഉറക്കം വരുമ്പോള്‍ ഉറങ്ങുന്നു. മനുഷ്യനാവട്ടെ തരംകിട്ടുമ്പോഴൊക്കെ ഉറങ്ങിയും വിശപ്പില്ലെങ്കിലും ഭക്ഷണം കഴിച്ചും വികൃത സ്വഭാവം പ്രകടിപ്പിക്കുന്നു. ഇത് ശാരീരികവും-മാനസികവും സാമൂഹികവും പാരിസ്ഥിതികവുമായ അലോസരങ്ങള്‍ക്ക് കാരണമാകുന്നു. മനുഷ്യനുണ്ടായ കാലം മുതലേ ഈ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. വികൃതസ്വഭാവത്തിലേക്ക് പതിക്കുന്ന മനുഷ്യമനസ്സിനെ പരിഷ്‌കരിച്ച് സംസ്‌കൃതിയിലേക്ക് നയിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ നമ്മുടെ പൂര്‍വസൂരികള്‍ കാണിച്ചു തന്നിട്ടുണ്ട്. ധര്‍മാധിഷ്ഠിതമായ ജീവനപദ്ധതി ഇതിനായി പാകപ്പെടുത്തിയതാണ്.
ഭക്തിയുടെയും ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും യോഗത്തിന്റെയും മാര്‍ഗങ്ങള്‍ രൂപപ്പെട്ടുവന്നത് ഇതിന്റെ ഭാഗമായാണ്. ”ചിത്തസ്യ ശുദ്ധയേ കര്‍മ നതു വസ്തുപലഭ്യതേ’ എന്ന് വിവേകചൂഡാമണിയില്‍ ശങ്കരാചാര്യസ്വാമി പറഞ്ഞതിന്റെ പൊരുളിതാണ്.
താന്ത്രികവും വൈദികവുമായ പദ്ധതികള്‍ സമന്വയിച്ച ക്ഷേത്രസങ്കേതങ്ങള്‍ നിലകൊള്ളുന്നത് ഇതിനുവേണ്ടിയാണ്. ഭക്തി,ജ്ഞാന, കര്‍മ, യോഗ മാര്‍ഗ്ഗങ്ങളുടെ പ്രായോഗിക കേന്ദ്രങ്ങള്‍ കൂടിയായ ക്ഷേത്രങ്ങളുടെ ലക്ഷ്യം വികൃത സ്വഭാവത്തിലേക്ക് പതിക്കുന്ന മനുഷ്യനെ സംസ്‌കരിക്കലാണ്.
”പ്രകൃതിവശന്മാര്‍ക്ക് സുകൃതമുണ്ടാക്കുവാന്‍ പ്രതിമാദികളില്‍ സേവിക്കേണം വഴിപോലെ”
എന്ന് ചിന്താരത്‌നത്തില്‍ എഴുത്തച്ഛന്‍ പറഞ്ഞതും ഇതുതന്നെ.
ക്ഷേത്രം എന്നുപറഞ്ഞാല്‍ തന്നെ (ക്ഷയാത്ത്രായതേ ഇതി ക്ഷേത്രം) ക്ഷയത്തില്‍നിന്ന് (വീഴ്ചയില്‍നിന്ന്) രക്ഷിക്കുന്നവയെന്നാണ്. ഓരോ ഭക്തനും ശരിയായ സംസ്‌കാരം പകര്‍ന്ന് വീഴ്ചകളില്‍നിന്ന് രക്ഷിക്കുന്ന ആദ്ധ്യാത്മിക സങ്കേതങ്ങളായാണ് ക്ഷേത്രങ്ങള്‍ വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. മൂര്‍ത്തി ക്ഷേത്രത്തിലെ ഓരോ കാര്യവും ഗാത്രക്ഷേത്രത്തിന് തുല്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യശരീരവും ക്ഷേത്രവും പ്രപഞ്ചവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒന്ന് മറ്റൊന്നായി ബന്ധപ്പെട്ടിരിക്കുന്നു.
ക്ഷേത്രചൈതന്യവും ക്ഷേത്ര സംസ്‌കാരവും ഓരോ വ്യക്തിയെയും സമൂഹത്തെ മൊത്തത്തിലും ഉദ്ഗതിയിലേക്ക് നയിക്കുന്നു. അവയുടെ ജീര്‍ണത അതുകൊണ്ടുതന്നെ മനുഷ്യനെ അധോഗതിയിലേക്ക് നയിക്കും.
”ഭദ്രം കര്‍ണേഭി ശൃണുയാമ
ദേവാ ഭദ്രം പശ്യേമാ ക്ഷഭിര്‍ യജത്ര”
നല്ലതുമാത്രം കേള്‍ക്കുവാനും കാണുവാനും ഇടവരട്ടെയെന്ന് പ്രാര്‍ത്ഥിച്ച് വിശ്വചൈതന്യത്തെ ആവാഹിച്ച് പ്രപഞ്ചസൃഷ്ടിക്ക് കാരണമായ പഞ്ചഭൂതങ്ങളെക്കൊണ്ടുതന്നെ പൂജ ചെയ്യുന്ന ദേവതാരാധന സമ്പ്രദായം ലക്ഷ്യംവക്കുന്നത് സമസ്ത ലോകത്തിന്റെയും ക്ഷേമമാണ്. (ലോകാ സമസ്താഃ സുഖിനോ ഭവന്തു) ഉദാത്തമായ ഈ സംസ്‌കാരത്തെ അനുഭവവേദ്യമാക്കുന്നതിനാണ് ക്ഷേത്രത്തില്‍ നടത്തിവരാറുള്ള വിവിധ പരിപാടികള്‍. ഇതിനെ നമുക്ക് ക്ഷേത്ര സംസ്‌കാരം എന്നുവിളിക്കാം. ഈ സംസ്‌കാരത്തിന്റെ പരിസരത്താണ് മേല്‍പ്പുത്തൂരും തുഞ്ചനും കുഞ്ചനും വില്വമംഗലം സ്വാമിയാരും പൂന്താനവും ഉയിര്‍കൊണ്ടത്. കര്‍മങ്ങള്‍ക്ക് വിളഭൂമിയായ ഇവിടെയാണ് ലോകോത്തരമായ കലകളും സാഹിത്യവും ദര്‍ശനവും ശാസ്ത്രങ്ങളും വളര്‍ന്ന് വികസിച്ചത്.
ആകാശത്തില്‍നിന്ന് പതിക്കുന്ന വെള്ളം പല നദികളിലൂടെയായി സാഗരത്തിലെത്തുന്നതുപോലെ പല സമ്പ്രദായങ്ങളിലൂടെ ജീവിക്കുന്നവരുടെ ലക്ഷ്യം ഇവിടെ ഒന്നായിരുന്നു, ആത്മസാക്ഷാത്കാരം. തന്റെ ‘സ്വരൂപ’ത്തെ തിരിച്ചറിയുന്നതിനുള്ള ക്രിയാകലാപങ്ങളാണ് എല്ലാം തന്നെ. അങ്ങനെ വരുമ്പോള്‍ സഗുണോപാസകനും നിര്‍ഗുണോപാസകനും ഒരനുഭവത്തിലാണെത്തുന്നത്. അദ്വൈതം എന്ന അനുഭവമാണത്. കലാകാരനും ദാര്‍ശനികനും ശാസ്ത്രജ്ഞനുമെല്ലാം ആത്യന്തികമായി ഈ അനുഭവതലത്തിലാണെത്തുന്നത്.
”എല്ലാ ജീവികളുടെയും ഹൃദയത്തിലിരിക്കുന്ന ആത്മാവും ആദിമധ്യാന്തങ്ങളും ഞാനാണ്. ആദിത്യന്മാരില്‍ വിഷ്ണുവും ജ്യോതിസുകളില്‍ സൂര്യനും നക്ഷത്രങ്ങളില്‍ ചന്ദ്രനും വേദങ്ങളില്‍ സാമവേദവും വൃക്ഷങ്ങളില്‍ അരയാലും പശുക്കളില്‍ കാമധേനുവും അക്ഷരങ്ങളില്‍ അകാരവും നാഗങ്ങളില്‍ അനന്തനും ഞാനാകുന്നു.”
എന്ന് പറഞ്ഞുകൊണ്ടുള്ള ഗീതയിലെ വിഭൂതി വിസ്താരയോഗത്തിലെ പ്രഖ്യാപനം നാനാത്വത്തിലെ ഏകത്വമാണ്. ഈ ഏകാനുഭവത്തിലാണ് വിവിധ മാര്‍ഗങ്ങളിലൂടെ നാം എത്തിച്ചേരേണ്ടത്.
ആചാര്യതപസ്സ്, ആമ്‌നായജപം, നിയമം, ഉത്സവം, അന്നദാനം എന്നീ അഞ്ചുവിധ പരിപാടികള്‍ ക്ഷേത്രവൃദ്ധിക്ക് കാരണമാണ്. ”അര്‍ചകസ്യ പ്രഭാവേന ശിലാഭവതി ശങ്കരഃ” അര്‍ച്ചന ചെയ്യുന്ന ആചാര്യന്റെ ചൈതന്യ പ്രഭാവംകൊണ്ട് കല്ല് (ശില) ശങ്കരനാകുന്നുവെന്നാണ് തന്ത്രവിധി. പുരോഹിതന്റെയും ഭക്തരുടെയും സമര്‍പ്പിത ഭാവത്തോടെയുള്ള ആരാധന ക്ഷേത്രചൈതന്യത്തിനു കാരണാകുന്നുവെന്ന് പറയേണ്ടതില്ല. പക്ഷേ ആരാണ് ഭക്തന്‍?
ഒരു ജീവിയെയും ദ്വേഷിക്കാത്തവനും എപ്പോഴും സ്‌നേഹഭാവം കൈക്കൊള്ളുന്നവനും ദയാലുവും എന്നും സംതൃപ്തനുമായ ഭക്തനെയാണെനിക്ക് ഇഷ്ടം എന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ പറയുന്നത് (ഗീത 12-13).
ഏതു ഭക്തനില്‍നിന്ന് ലോകത്തിനും ലോകത്തില്‍നിന്ന് ഏതു ഭക്തനും അന്യോന്യം മനഃക്ഷോഭമുണ്ടാകുന്നില്ലയോ, ആ ഭക്തനെയാണ് എനിക്കിഷ്ടം (ഗീത 12-15).
ഭഗവാന്റെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കുന്നവനാണ് ശരിയായ ഭക്തന്‍. പണം കൊടുത്താല്‍ തന്റെ ഇംഗിതങ്ങള്‍ എല്ലാം നിവര്‍ത്തിച്ചു തരാന്‍ കല്ലില്‍ കുടികൊള്ളുന്ന അധികാര സ്വരൂപമാണ് ഭഗവാനെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരാണ് അധികവും. ഈശ്വരന്റെ സ്വരൂപമെന്താണ്? ക്ഷേത്രാരാധനയുടെ പൊരുളെന്ത്? മനുഷ്യജവിതത്തിന്റെ ലക്ഷ്യമെന്ത്? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ശരിയായ ബോധമുണ്ടാകാനാണ് ആമ്‌നായ ജപം വിധിച്ചിട്ടുള്ളത്.
മനുഷ്യനില്‍ രണ്ടംശമുണ്ട്. സ്വാര്‍ത്ഥവും നിസ്വാര്‍ത്ഥവും. സ്വാര്‍ത്ഥാംശം ആസുരമാണ്. മൃഗീയമാണ്. നിസ്വാര്‍ത്ഥാംശം ദൈവികമാണ്. സ്വാര്‍ത്ഥതയെ നശിപ്പിച്ച് ഓരോരുത്തരെയും നിസ്വാര്‍ത്ഥരാക്കിത്തീര്‍ക്കുന്നതിനാണ് ആമ്‌നായ ജപം. പുരാണാദി ഗ്രന്ഥങ്ങളുടെ പാരായണവും അതിലെ തത്വവിചാരവുമാണ് ആമ്‌നായ ജപത്തിന്റെ മുഖ്യാശം.
(നാളെ: നിറഞ്ഞൊഴുകട്ടെ ദേവചൈതന്യം)
















