മലപ്പുറം: മാറിമാറി കേരളം ഭരിച്ച ഇടതുവലത് മുന്നണികള്‍ വനാതിര്‍ത്തികളിലുള്ള ആദിവാസികളെ വേണ്ടവിധത്തില്‍ പരിഗണിച്ചിരുന്നെങ്കില്‍ മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ കാടുകളില്‍ തമ്പടിക്കില്ലായിരുന്നു. ചെറുതായെങ്കിലും ആദിവാസികളുടെ സഹായം മാവോയിസ്റ്റുകള്‍ ലഭിച്ചിരുന്നുയെന്നാണ് ലഭിക്കുന്ന വിവരം. കാട്ടുനായ്ക്കരെന്ന വിഭാഗം അവശേഷിക്കുന്ന ഏക സ്ഥലമാണ് നിലമ്പൂര്‍. ഉള്‍ക്കാടുകളില്‍ താമസിക്കുന്ന ഇവരെ സര്‍ക്കാര്‍ ശ്രദ്ധിക്കാറേയില്ല. ഇവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും അതിലും മുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയ നേതാക്കളായിരുന്നു. കാട്ടുനായ്ക്ക യുവതിയെ മരകൂപ്പ് മുതലാളി ലൈംഗീകമായി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. ഇത്തരത്തില്‍ നിരന്തരം ചൂഷണത്തിന് വിധേയരായവര്‍ക്കിടയിലേക്കാണ് മാവോയിസ്റ്റുകള്‍ പെട്ടെന്ന് ഇറങ്ങി ചെന്നത്.
2010 ജൂലൈ എട്ടിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ പ്രഷര്‍ വാല്‍വുകള്‍ തകര്‍ത്ത സംഭവത്തോടെയാണ് മാവോയിസ്റ്റ് സംഘം കേരളത്തില്‍ എത്തിയത്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായതും മാവോയിസ്റ്റ് സംഘങ്ങള്‍ ഇവിടം താവളമാക്കാന്‍ കാരണമായി. വിസ്താരമേറിയ വനമേഖലകള്‍ മാവോയിസ്റ്റുകള്‍ ഏറെ സുരക്ഷിതമായാണ് കണക്കാക്കുന്നത്. ഉള്‍വനങ്ങളിലെത്തിയുളള മാവോയിസ്റ്റ് വേട്ട പോലീസിനും വനംവകുപ്പിനും ഏറെ പ്രയാസമേറിയതാണ്. വയനാട്, കണ്ണൂര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും സുരക്ഷിത മേഖല എന്ന നിലയ്ക്കാണ് നിലമ്പൂര്‍ കാടുകള്‍ ഇവര്‍ തിരഞ്ഞെടുത്തത്. വനത്തോട് ചേര്‍ന്ന് ധാരാളം ആദിവാസി കോളനികള്‍ ഉള്ളത് ഇവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി. ഭക്ഷണത്തിനായി ഇവര്‍ മിക്കവാറും ആശ്രയിച്ചിരുന്നത് കോളനികളെയായിരുന്നു. കാലാകാലങ്ങളായി അവഗണന പേറുന്ന ആദിവാസികളുമായി മാവോയിസ്റ്റുകള്‍ പെട്ടെന്ന് തന്നെ അടുപ്പത്തിലായി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയതും ആദിവാസികളുടെ ഇടയിലായിരുന്നു. രണ്ട് സ്ത്രീകള്‍ അടക്കം ഏഴുപേരായിരുന്നു ആദ്യം സംഘത്തിലുണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ ആളുകള്‍ എത്തിയതായാണ് വിലയിരുത്തുന്നത്. വ്യാഴാഴ്ച പൊലീസുമായുണ്ടായ വെടിവയ്പ്പില്‍ 11 അംഗ സംഘമുണ്ടെന്നാണ് പൊലീസ് സ്ഥിരീകരണം. മറ്റു സംഘങ്ങളും ഉണ്ടോ എന്ന ആശങ്കയും പൊലീസിനുണ്ട്. തമിഴ്, തെലുങ്ക് , കന്നട ഭാഷകളില്‍ ആയിരുന്നു കൂടുതലും ആശയവിനിമയം നടത്തിയിരുന്നത്.
മരുത മഞ്ചക്കോടുള്ള ഖദീജ എന്ന സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുകയും വെള്ളം വാങ്ങി കുടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മരുത പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്താനായില്ല. പിന്നീട് പോത്ത്കല്ല് പഞ്ചായത്തിലെ സംസ്ഥാന അതിര്‍ത്തിയായ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ മാവോയിസ്റ്റുകള്‍ നിത്യസാന്നിദ്ധ്യമായി. എങ്കിലും പൊലീസും വനംവകുപ്പും ചേര്‍ന്ന് നിരവധി തവണ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മാവോയിസ്റ്റ് സാന്നിദ്ധ്യം ഉറപ്പിക്കാനാവില്ലെന്ന നിലപാടായിരുന്നു പൊലീസ് കൈക്കൊണ്ടത്. 2013 മാര്‍ച്ചില്‍ എടക്കര മുണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ചികിത്സ തേടിയെത്തിയ നാലംഗ സംഘം മാവോയിസ്റ്റുകളാണെന്ന് സംശയിച്ചിരുന്നു. പൊലീസ് കാണിച്ച ചിത്രത്തിലെ യുവതി കര്‍ണ്ണാടകയിലെ കോമള എന്ന മാവോയിസ്റ്റാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രാത്രിയായതിനാല്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് പൊലീസ് വേണ്ടത്ര വിശ്വാസത്തിലെടുത്തില്ല.
2015ല്‍ പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനി, ടി.കെ. കോളനി എന്നിവിടങ്ങളില്‍ എത്തിയ മാവോയിസ്റ്റുകളുമായി പൊലീസ് നേരിട്ട് ഏറ്റുമുട്ടി. ഇതോടെ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച പൊലീസ് തെരച്ചില്‍ ശക്തമാക്കി. 50 വയസ്സിന് താഴെയുള്ള മുഴുവന്‍ പൊലീസുകാര്‍ക്കും മാവോയിസ്റ്റുകളെ നേരിടാനുള്ള പരിശീലനം നല്കി. പലപ്പോഴും കോളനികളില്‍ മാവോയിസ്റ്റുകള്‍ എത്തുന്ന സമയത്ത് പോലീസ് അവിടെ എത്തിയിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ആദിവാസികളെ മനുഷ്യമറയാക്കുമോ എന്ന ആശങ്കയാണ് പലപ്പോഴും പോാലീസിനെ ഏറ്റുമുട്ടലില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്. രണ്ട് മാസം മുമ്പ് കരുളായി മുണ്ടക്കടവില്‍ മാവോയിസ്റ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയും കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: