മാവുങ്കാല്‍: മനുഷ്യത്വത്തിന്റെ അന്ധകനായി സിപിഎം മാറിയിരിക്കുകയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദന് മാസ്റ്റര്‍ പറഞ്ഞു. സിപിഎം അക്രമം തുറന്നുകാട്ടാന്‍ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതി അജാനൂര്‍ പഞ്ചായത്ത് കമ്മറ്റി മാവുങ്കാലില്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ സംഘത്തിലും, അനുബന്ധ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും മാത്രമല്ല മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായിട്ടുണ്ട്. ഭീകരവും ദാരുണവുമായ രാഷ്ട്രീയ കൊലപാതകങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയ സിപിഎം പ്രവര്‍ത്തകരെ തന്നെ കൊലപ്പെടുത്തുന്ന നീചമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സിഎംപി നേതാവായിരുന്ന എം.പി.രാഘവനെ തള്ളിപ്പറഞ്ഞ് കൂത്തുപറമ്പില്‍ 5 രക്തസാക്ഷികളെ സൃഷ്ടിച്ച സിപിഎം അദ്ദേഹത്തെ ആരാധിക്കുന്ന തരത്തിലേക്ക് അധപതിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങള്‍ തന്നെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുകയും, ത്യജിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പാര്‍ട്ടിയുടെ അധപതനം കണ്ട് വിലപിക്കുകയാണ് അവര്‍. മനുഷ്യരെ മാത്രമല്ല സര്‍വ്വ ജീവചാലങ്ങളുടേയും വംശനാശത്തിനാണ് സിപിഎം ശ്രമിക്കുന്നത്. അരുംകൊല രാഷ്ട്രീയം സിപിഎം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇങ്ങനെയൊരു പാര്‍ട്ടി ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര് തെളിയിക്കുന്ന കാലം അതിവിദൂരമല്ലാതെ ഉണ്ടാകുമെന്നും സദാനന്ദന് മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. വരും കാലങ്ങളില്‍ നാടിന്റെ സമാധാനത്തിനു വേണ്ടി സന്ധിയില്ലാ സമരത്തിലൂടെ പുതിയൊരു ഭരണകൂടത്തിന് കേരളത്തില്‍ ജനങ്ങള്‍ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.മധു അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശിഖ. മോട്ടോര്‍ തൊഴിലാളി സംഘ് സംസ്ഥാന സെക്രട്ടറി കെ.വി.ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. ബാബു പുല്ലൂര്‍ സ്വാഗതവും, പി.പത്മനാഭന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: