കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. കലൂരിലെ വേദാന്ത ഹോട്ടലില്‍ വച്ച് രാവിലെ 10 മണിയോടെയാണ് വിവാഹച്ചടങ്ങ് നടന്നത്. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയപ്പോള്‍ തന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിയെ തന്നെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് കാവ്യയുമൊത്തുള്ള വിവാഹ ശേഷം ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ മീനാക്ഷിയുടെ പൂര്‍ണ പിന്തുണയോടെയാണ് താന്‍ വിവാഹിതനാകുന്നതെന്നും ദിലീപ് പറഞ്ഞു. മലയാളികളുടെ സ്നേഹവും പ്രാര്‍ഥനയും പിന്തുണയും തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് ഇരുവരും പറഞ്ഞു.
ജീവിതത്തില്‍ ഒരുപാട് വിഷമഘട്ടങ്ങള്‍ ഉണ്ടായെന്നും വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ അമ്മയും സുഹൃത്തുക്കളും മകളും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്നും ദിലീപ് പറഞ്ഞു. ഇരുപതോളം സിനിമ ഒരുമിച്ചു ചെയ്തു എന്ന കുറ്റം മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും വിവാഹമെന്ന് തീരുമാനം വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് എടുത്തതെന്നും താരം പറഞ്ഞു. വിവാഹം ചെയ്യുമെങ്കില്‍ എല്ലാവരെയും അറിയിച്ചെ ചെയ്യൂ എന്ന തന്റെ വാക്കു പൂര്‍ത്തിയാക്കിയെന്നും ദിലീപ് പ്രതികരിച്ചു.
തങ്ങള്‍ ഒന്നിക്കണമെന്നു മലയാളി പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇപ്പോള്‍ ചെയ്തതെന്നും കാവ്യ പ്രതികരിച്ചു.
വിവാഹം സംബന്ധിച്ച് ഇതിനകം ഒട്ടേറെ തവണ വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം നിഷേധിച്ച് രംഗത്ത് വന്നിരുന്ന ദിലീപും കാവ്യയും പുതിയ വിവരം സിനിമയിലെയും പുറത്തെയും ഏറ്റവും അടുത്തവര്‍ ഒഴികെ അതീവ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാര്‍ത്തകള്‍ മുമ്പും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു.
നടി മഞ്ജുവാര്യരെ 1998 ഒക്ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്. ഇതിന് പിന്നാലെയാണ് കാവ്യയെ വിവാഹം ചെയ്യുന്നത്.
കാവ്യയുടേതും രണ്ടാം വിവാഹമാണ്. 2009 ഫെബ്രുവരിയില്‍ മറുനാടന്‍ മലയാളിയായ നിശാല്‍ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും 2011 ല്‍ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു.
കാവ്യാമാധവന് നായികയായി അരങ്ങേറിയ ആദ്യ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ മുതല്‍ 21 ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. ഇരുവരേയും ചേര്‍ത്ത് അനേകം ഗോസിപ്പുകളും പ്രത്യക്ഷപ്പെട്ടു. അടൂര്‍ഗോപാല കൃഷ്ണന് സംവിധാനം ചെയ്ത പിന്നെയുമാണ് ഇരുവരും അവസാനമായി നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: