വിഴിഞ്ഞം: അന്താരാഷ്‌ട്ര തുറമുഖ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ യന്ത്രസാമഗ്രികളുമായി അത്യാധുനിക കാര്‍ഗോ മുങ്ങിക്കപ്പല്‍ കോംബി ഡോക് വിഴിഞ്ഞം കടലില്‍ നങ്കൂരമിട്ടു. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യമായ വാര്‍ഫ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താനായിട്ടുള്ള യന്ത്രങ്ങളുമായാണ് കോംബി-ഡോകിന്റെ വരവ്.
വിദേശ നിര്‍മ്മിതമായ അത്യാധുനിക കപ്പലായ കോംബി-ഡോക് ഗുജറാത്തിലെ ദാംറ തുറമുഖത്ത് നിന്ന് ശ്രീലങ്ക ചുറ്റിയാണ് വിഴിഞ്ഞത്ത് എത്തിയത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ വിഴിഞ്ഞം പുറംകടലില്‍ എത്തിയ കപ്പലിന്റെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വൈകിട്ടോടെ വാര്‍ഫിനുപുറത്തെ കടല്‍ഭാഗത്തേക്ക് അടുപ്പിച്ചു. കപ്പലില്‍ നിന്ന് ഡ്രഡ്ജര്‍ ഉള്‍പ്പടെയുള്ള യന്ത്രസന്നാഹങ്ങള്‍ പുറത്തിറക്കുന്ന ജോലികള്‍ ബുധനാഴ്ച രാത്രി വൈകി ആരംഭിച്ചു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനിത.എ.നായര്‍, വാര്‍ഫ് സുപ്രണ്ട് കെ. അനില്‍കുമാര്‍, മാസ്റ്റര്‍ ഗ്രേഡ് ചന്ദ്രകുമാര്‍. ഡി, ചീഫ് സിഗ്നലര്‍ നാസര്‍, എമിഗ്രേഷന്‍ എസ്.ഐ. രാജു, കസ്റ്റംസ് സൂപ്രണ്ട് ശോഭനന്‍ സിന്ധു, ഹെഡ് ഹവില്‍ദാര്‍ ഷാജിമോന്‍, കസ്റ്റംസ് ഇന്‍സ്പെക്ടര്‍ വീരേഷ് മിത്ര എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘം പൈലറ്റ് ബോട്ടില്‍ കപ്പലില്‍ എത്തിയാണ് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കിയത്.
ജര്‍മന്‍കാരായ രണ്ടു പോര്‍ട്ട് ക്യാപ്റ്റന്‍മാരും ഉക്രൈന്‍കാരായ 21 ജോലിക്കാരുമാണ് കപ്പലിലുള്ളത്. ആന്റിഗ്വ ആന്റ് ബര്‍മുഡ രജിസ്ട്രേഷനുള്ള കപ്പലിന് 17341 ടണ്‍ ഭാരവും 169.4 മീറ്റര്‍ നീളമുണ്ട്. കടലില്‍ കൂറ്റന്‍ യന്ത്രസംവിധാനങ്ങള്‍ വഹിച്ചുപോകുന്ന ഇത്തരത്തിലുള്ള കപ്പല്‍ ആദ്യമായാണ് വിഴിഞ്ഞത്തെത്തുന്നത്. തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായുള്ള കടല്‍കുഴിക്കലിന് വേഗം കൂട്ടാനായി ശാന്തിസാഗര്‍-10 എന്ന ഡ്രഡ്ജര്‍, മള്‍ട്ടി യൂട്ടിലിറ്റി ടഗ്ഗ് ജലാശ്വ-4, ഡ്രഡ്ജറില്‍ ഉറപ്പിക്കാനുള്ള ഫ്ളോട്ടിങ് പൈപ്പുകള്‍ എന്നിവയാണ് കപ്പലില്‍ എത്തിയിട്ടുള്ളത്. കപ്പലിന്റെ പിന്‍ഭാഗം തുറന്ന് ഉള്ളിലേക്കു വെള്ളം നിറച്ചശേഷമായിരിക്കും ഡ്രഡ്ജറിനെ പുറത്തെത്തിക്കുക. തുടര്‍ന്ന് പൈലറ്റ് ബോട്ടുമായി ഘടിപ്പിച്ച് ഡ്രഡ്ജറിനെ പുതിയ വാര്‍ഫില്‍ എത്തിക്കും. ഈ ജോലികള്‍ രണ്ട് ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തീകരിച്ച് കോംബി ഡോക് മടങ്ങും. ഒരാഴ്ചയ്‌ക്കകം കടല്‍കുഴിക്കല്‍ ജോലികള്‍ക്കായി സജ്ജമാകാന്‍ ശാന്തിസാഗര്‍-10ന് കഴിയും. എണ്ണൂറ് മീറ്റര്‍ നീളത്തിലും നാന്നൂറ് മീറ്റര്‍ വീതിയിലുമായി പണിയുന്ന വാര്‍ഫിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഡിസംബറോടെ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
















