കോട്ടയം: കോട്ടയത്ത് എസ്ബിടി ശാഖയില്‍ തീപിടിത്തം. കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു. നഗരത്തിലെ സിഎംഎസ് ജംഗ്ഷനിലെ ഒന്നാം നിലയിലുള്ള എസ്ബിടിയുടെ ശാഖയിലാണ് തീപ്പിടിത്തം ഉണ്ടായത്.
ഈ കെട്ടിടത്തിന്റെ താഴ ത്തെ നിലയിലുള്ള എടിഎം സുരക്ഷിതമാണ്. തീപ്പിടുത്തതില്‍ കെട്ടിടം ഭാഗികമായി കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. തീപ്പിടുത്തതില്‍ കമ്പ്യൂട്ടര്‍, ഫയലുകള്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായി കത്തി നശിച്ചു.
കാബിനുള്ളില്‍ തീപിടിച്ചെങ്കിലും പണം ഇരിക്കുന്ന സ്‌ട്രോംഗ് റൂമിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ലോക്കറിലെ നോട്ടുകളും സ്വര്‍ണ വും സുരക്ഷിതമാണെന്ന് മാനേജര്‍ അശോക് കുമാര്‍ അറിയിച്ചു. ഏകദേശം നാല്‍പ്പത് ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം. പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ബാങ്കില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ അഗ്‌നിശമന സേനയെയും പോലീസിനെയും അറിയിക്കുകയായിരുന്നു. കോട്ടയം യൂണിറ്റില്‍ നിന്നും എത്തിയ അഗ്നിശമന സേനാസംഘം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അതിനാലാണ് വന്‍ നാശനഷ്ടം ഉണ്ടാവാതിരുന്നത്. തുടര്‍ന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കെട്ടിടത്തിനുള്ളില്‍ പരിശോധന നടത്തി.
ബാങ്കില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ അലാറാം പ്രവര്‍ത്തനരഹിതമായതാണ് അപകടമറിയാന്‍ വൈകിയത്. സംഭവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് കോട്ടയം വെസ്റ്റ് പോലീസ് അറിയിച്ചു.
















