തൊടുപുഴ: അടുത്തിടെ സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്ന എബിവിപിയുടെ വനിത നേതാവിന് ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി. മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ ബികോം ബിരുദ വിദ്യാര്‍ത്ഥിനിയായ തൊടുപുഴ മുതലിയാര്‍മഠം കാവുകാട്ട് വീട്ടില്‍ ശ്രീലക്ഷ്മി കെ സുധീപിനാണ് ഫെയ്‌സ്ബുക്കില്‍ വധഭീഷണി വന്നിരിക്കുന്നത്. വധഭീഷണി വന്ന സാഹചര്യത്തില്‍ തൊടുപുഴ ഡിവൈഎസ്പിക്ക് ശ്രീലക്ഷ്മി പരാതി നല്‍കി. കഴിഞ്ഞ ആഴ്ച നടന്ന എബിപിവി സംസ്ഥാന കൗണ്‍സിലില്‍ ശ്രീലക്ഷ്മിയെ സംസ്ഥാനസമിതി അംഗമായി തെരഞ്ഞെടുത്തിരുന്നു.
ഇതിനെ തുടര്‍ന്ന് ശ്രീലക്ഷ്മിയുടെ സഹോദരന്‍ സൂര്യന്‍ കെ സുധീപ് സഹോദരിയെ ഫെയ്‌സ്ബുക്ക് ഐഡിയില്‍ അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ 21ന് പോസ്റ്റിട്ടിരുന്നു. 22ന് വൈകിട്ട് ദേവാദിദേവ ശിവ എന്ന ഐഡിയില്‍ നിന്നും വധഭീഷണി ഉയര്‍ത്തികൊണ്ട് കമന്റ് വന്നു. കൊലക്കയര്‍ വീഴാതെ സൂക്ഷിച്ചോ എന്നായിരുന്നു കമന്റ്. താങ്കള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് സഹോദരന്‍ ചോദിച്ചപ്പോള്‍ ഒന്നുകില്‍ ആക്‌സിഡന്റ് അല്ലെങ്കില്‍ ഗുണ്ടായിസം ഏതെങ്കിലും ഒന്നായിരിക്കും മരണത്തിന് കാരണം എന്ന് മറുപടി വന്നു. വധഭീഷണി മുഴക്കിയ കുറ്റവാളിയെ സൈബര്‍ നിയമപ്രകാരം ഉടന്‍ പിടികൂടണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും എബിവിപി നേതാക്കളും ആവശ്യപ്പെട്ടു.
പരാതിയുടെ വിവരങ്ങള്‍ തൊടുപുഴ
പോലീസ് സൈബര്‍ സെല്ലിന് കൈമാറിയതായാണ് വിവരം.
















