നെടുങ്കണ്ടം: വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടില്‍ 2005-2006 കാലഘട്ടങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച വിവരാന്വേഷണ കേന്ദ്രം കാടുകയറുന്നു. ഏകദേശം നിര്‍മ്മാണം പൂര്‍ണ്ണാവസ്ഥയില്‍ എത്തിയ ഈ ഓഫീസ് തുടര്‍ നിര്‍മ്മാണം ഉപേക്ഷിക്കപ്പെട്ടനിലയിലാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
രാത്രി-പകല്‍ എന്നില്ലാതെ മദ്യപാനം, കഞ്ചാവ്, മറ്റ് അനാശ്വാസ്യ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറക്കൊണ്ടിരിക്കുകയാണ് ഇവിടം. ഈ ഓഫീസിന്റെ ജനാല ചില്ലുകളും, ചുമരുകളും, തകര്‍ന്ന നിലയിലാണ്. ചപ്പുചവറുകള്‍ കൊണ്ടും മദ്യകുപ്പികള്‍ കൊണ്ടും മാലിന്യകേന്ദ്രമായി മാറികൊണ്ടിരിക്കുകയാണ് ഇവിടം. രാമക്കല്‍മേട്ടില്‍ പോലീസ് ഔട്ട് പോസ്റ്റുണ്ടെങ്കിലും ഇവരുടെ ശ്രദ്ധയിയിലും ഇതൊന്നും വരുന്നില്ല. പേരിനുമാത്രം ഇവിടെ രണ്ട് പോലീസുകാരാണുള്ളത്. ഈ ഓഫീസിന്റെ പുനര്‍നിര്‍മ്മാണം നടത്താനോ തുടര്‍ നടപടികള്‍ നടത്താനോ വേണ്ടപ്പെട്ട ഭരണാധികാരികളോ, ഉദ്യോഗസ്ഥരോ, രാഷ്‌ട്രീയ പ്രവര്‍ത്തകരോ ചെറുവിരല്‍ പോലും അനക്കുന്നില്ല. ജില്ലാപഞ്ചായത്തില്‍ ഈ ആഫീസിന്റെ പുനര്‍ പ്രവര്‍ത്തനത്തിനായി പലതവണ പരാതികള്‍ നല്‍കിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നാണ്്
പൊതുജനങ്ങളുടെയും പരാതി. വിനോദസഞ്ചാരികള്‍ക്ക് ഉപയോഗപ്പെടേണ്ട ഓഫീസ് ഇന്ന് നാശത്തിന്റെ വക്കിലാണ് എന്ന് കാര്യ അധികാരികള്‍ മറന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
















