കാസര്‍കോട്: ബദിയടുക്ക നഗരം കേന്ദ്രീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായി അക്രമം അഴിച്ച് വിടാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആസുത്രിത നീക്കം. ഇന്നലെ രാവിലെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ക്രിമിനല്‍ സംഘം ബ്ലോക്ക് പഞ്ചായത്തംഗവും യുവമോര്‍ച്ചാ മണ്ഡലം പ്രസിഡണ്ടുമായ അവിനാശ് റൈ ബദിയടുക്ക നഗരത്തില്‍ ജോലി ചെയ്യുന്ന പൂജാ ബേക്കറിയില്‍ അതിക്രമിച്ച് കടന്ന് വധഭീഷണി മുഴക്കി.
കടയിലുണ്ടായിരുന്ന അവിനാശിനോട് കണ്ണൂരില്‍ ചെയ്യുന്നത് പോലെ ഈ പീടികയുടെ മുന്നിലിട്ട് നിന്നെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞതായി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അടുത്തത് അവിനാശാണ് സൂക്ഷിച്ചോയെന്ന് കൊല വിളി മുഴക്കി സാധനം വാങ്ങുവാനായി വന്നവരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി നഗരത്തില്‍ അക്രമി സംഘം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
നമ്മുടെ ഭരണമാണ് പിണറായി വിജയനാണ് മുഖ്യമന്ത്രി അത് ഈ നാട്ടിലുള്ളവരെല്ലാം ഓര്‍ക്കുന്നത് നല്ലതാണെന്ന് അക്രമികള്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.
സിപിഎം ലോക്കല്‍ കമ്മറ്റിയംഗം നാരായണ, സിഐടിയു നേതാവ് രവി പെര്‍ഡാല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങള്‍ വീശുകയും ചെയ്തു.
കടയിലും നഗരത്തിലും സാധനങ്ങള്‍ വാങ്ങിക്കാനെത്തിയ സാധാരണക്കാരെ ഉള്‍പ്പെടെ സിപിഎം ക്രിമിനല്‍ സംഘം ഭിണണിപ്പെടുത്തിയത് ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി. സ്ഥലത്തെത്തിയ പോലീസ് സംഘം ലാത്തി വീശിയതോടെയാണ് ഒരു സംഘം സിപിഎം ക്രിമിനലുകള്‍ പ്രദേശത്തു നിന്ന് പിന്‍വാങ്ങിയത്.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ബദിയടുക്കയില്‍ കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയാഘോഷം, ഗണേശോത്സ നിമഞ്ജന ഘോഷയാത്ര മുതല്‍ ബിജെപി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപകമായ അക്രമണമാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറി പ്രകാശ് അമ്മണ്ണായ, രവീന്ദ്രന് മധൂര്‍, ജഗനാഥ ഷെട്ടി, പൈക്ക ഭാസ്ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അനാവശ്യമായി പോലീസ് സ്റ്റേഷനു മുന്നില്‍ ഉപരോധ സമരം നടത്തുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കള്ളക്കേസെടുത്തിട്ടുണ്ട്.
ഭരണ സ്വാധീനമുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കി അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ബദിയടുക്കയില്‍ ബിജെപിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ജനപിന്തുണയിലും മറ്റും വിറളി പൂണ്ട സിപിഎം നേതൃത്വം കുറച്ച് കാലങ്ങളായി അക്രമം അഴിച്ച് വിട്ടു കൊണ്ടിരിക്കുകയാണ്.
ഇതിന് പോലീസ് കൂട്ട് നില്ക്കുന്നതായി ബിജെപി നേതാക്കള്‍ പറഞ്ഞു. അക്രമം തുടരാനാണ് സിപിഎം നീക്കമെങ്കില്‍ ജനാധിപത്യ രീതിയില്‍ ശക്തമായി ബിജെപി പ്രതികരിക്കുമെന്ന് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ പറഞ്ഞു.
ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, പഞ്ചായത്ത് പ്രസിഡണ്ട് നാരായണ ഭട്ട്, ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ചാ മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് ഗോസാഡ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: