കണ്ണൂര്‍: കണ്ണൂരിലും പരിസരപ്രദേശങ്ങളിലും ബസ്സുകള്‍ രാത്രികാലങ്ങളിലും ഞായറാഴ്ചകളിലും അനധികൃതമായി ട്രിപ്പ് മുടക്കുന്നത് തുടര്‍ന്നാല്‍ കര്‍ശന നടപടികളെടുക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗം മുന്നറിയിപ്പ് നല്‍കി. പരിമിതമായ ബസ്സുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സര്‍വീസ് മുടക്കുന്നത് സാധാരണക്കാരായ ആളുകളെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തുന്നതെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
പലപ്പോഴും രാത്രികാലങ്ങളില്‍ നഗരത്തില്‍ കുടുങ്ങിപ്പോവുന്ന സാഹചര്യമുണ്ടാവുന്നു. അനധികൃതമായി ട്രിപ്പ് മുടക്കുന്നതു കാരണം രാത്രി ഏഴു മണിക്കുശേഷം നഗരത്തിലേക്ക് ബസ്സുകള്‍ കിട്ടാത്ത അവസ്ഥയുമുണ്ടെന്ന് തഹസില്‍ദാര്‍ വി.എം.സജീവന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് താലൂക്ക് വികസനസമിതി യോഗത്തിലുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ബസ്സുടമകളുടെ സംഘടനകളെയും മോട്ടോര്‍ വാഹനവകുപ്പ്, പോലിസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തത്.
അതേസമയം ബസ്സ്് റൂട്ടുകളില്‍ സ്റ്റോപ്പുകളിലും ജംഗ്ഷനുകളിലും നിന്ന് ആളുകളെയെടുത്ത് സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്‌ഐ വ്യക്തമാക്കി. പെര്‍മിറ്റ് എടുത്ത റൂട്ടുകളില്‍ ഭാഗികമായി മാത്രം സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരേ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും നിലപാട് തുടര്‍ന്നാല്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളുടെ അമിത വേഗം, മൊബൈല്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് എന്നിവ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വി.ജെ.സെബാസ്റ്റിയന്‍, ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രാജ്കുമാര്‍, ചെറുകിട ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.വി.വല്‍സലന്‍, കെ.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















