കണ്ണൂര്‍: കേരളവര്‍മ പഴശ്ശിരാജയുടെ സ്മാരകമായി മട്ടന്നൂര്‍ നഗരസഭ പഴശ്ശിയില്‍ പണിത സ്മൃതി മന്ദിരത്തില്‍ സ്ഥാപിക്കുന്നതിനായി നിര്‍മിച്ച അദ്ദേഹത്തിന്റെ പ്രതിമക്ക് സിവില്‍ സ്റ്റേഷനില്‍ ഉജ്വല സ്വീകരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എഡിഎം മുഹമ്മദ് യൂസുഫ് തുടങ്ങിയവര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ധീരദേശാഭിമാനിയും വീരപോരാളിയുമായ പഴശ്ശിരാജയുടെ ഓര്‍മകളോടുള്ള നാടിന്റെ വികാരമാണ് പ്രതിമാ പ്രയാണത്തില്‍ നിഴലിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ പഴശ്ശിരാജയുടെ ജീവിതവും ചരിത്രവും കൂടുതല്‍ പഠനത്തിനും ചര്‍ച്ചകള്‍ക്കും വിധേയമാവാന്‍ പ്രതിമാ നിര്‍മാണം സഹായകമാവുമെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ചരിത്രസൃഷ്ടി എന്നതോടൊപ്പം മികച്ചൊരു കലാസൃഷ്ടികൂടിയാണ് ഇതിലൂടെ നാടിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍, തഹസില്‍ദാര്‍ വി.എം.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈട്ടി മരത്തില്‍ തീര്‍ത്ത പ്രതിമയുടെ ശില്‍പി പ്രശാന്തിനെ ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ.ദിവാകരന്‍ ആദരിച്ചു.
















