തൃശൂര്‍: വലക്കാവ് ക്വാറികളുടെ പട്ടയം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് മലയോരസംരക്ഷണ സമിതി അംഗങ്ങള്‍ റോഡ് ഉപരോധിച്ചു. പോലീസ് ലാത്തി വീശിയതിനെത്തുടര്‍ന്ന് സമരം സംഘര്‍ഷഭരിതമായി. വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ക്രഷറുകളുടെയും ആറു ക്വാറികളുടെയും പട്ടയം റദ്ദ്് ചെയ്യാന്‍ തൃശൂര്‍ തഹസില്‍ദാര്‍ മുഹമ്മദ് ഷെരീഫ് തയാറാകാത്തതില്‍ പ്രകോപിതരായാണ് സമരക്കാര്‍ പാറമേക്കാവിന് മുന്നില്‍ നടുറോഡില്‍ പ്രതിഷേധം ആരംഭിച്ചത്.
സമരത്തില്‍ പങ്കെടുക്കാനെത്തിയ പുരുഷന്മാരെ തുടക്കത്തില്‍ തന്നെ പോലീസ് ലാത്തിച്ചാര്‍ജ്് നടത്തി തുരത്തിയോടിച്ചു.റോഡിന്റെ നടുക്ക് നിലയുറപ്പിച്ച സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന സംഘത്തെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിച്ചത് വാഗ്വാദത്തിനിടയാക്കി.തഹസില്‍ദ്ദാരെ സസ്പെന്‍ഡ് ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ സമരസമിതി അംഗങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ശരണ്ജിത്ത്്, മോഹനന്, ഷാജി എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. ഇതില്‍ ശരണ്‍ജിത്തിന്റെ വലതു കൈ ലാത്തി കൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞു.കലക്ടര്‍ അന്ത്യശാസനം നല്‍കിയിട്ടും ക്വാറികളുടെ പട്ടയം റദ്ദ് ചെയ്യാന്‍ തഹസില്‍ദാര്‍ തയാറായില്ലെന്ന് സമരസമിതി ആരോപിച്ചു.പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്‍ജിനിയറുടെ റിപ്പോര്‍ട്ടു പ്രകാരം വലക്കാവിലെ സെന്റ് ജോസഫ് ക്രഷര്‍ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ല പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി ഇാ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി കലക്ടര്‍ എ.കൗശിഗന് റദ്ദ് ചെയ്തിരുന്നു.
എന്നാല്‍ വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെയും ക്രഷറുകളുടെയും പട്ടയം റദ്ദ് ചെയ്യേണ്ടത് തഹസില്‍ദാരാണ്.കലക്ടറുടെ ഉത്തരവ് ലംഘിച്ച് തഹസില്‍ദാര്‍ ക്വാറിയുടമകള്ക്ക്് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന്്് സമരസമിതി പറഞ്ഞു. 26 ന് വിരമിക്കുന്ന തഹസില്‍ദ്ദാര്‍ ഇപ്പോള്‍ ഓഫീസില്‍ ഹാജരാകാറില്ല. ഈ സാഹചര്യമാണ് സമരം തഹസില്‍ദാര്‍ ഓഫീസില്‍ നിന്നും റോഡിലേക്കെത്താന്‍ കാരണം.വിരമിക്കാന്‍ അധിക ദിവസമില്ലെന്ന കാരണം പറഞ്ഞ് തഹസില്‍ദാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ക്കു മുതിരുന്നില്ലെന്ന് സമരസമിതി ചെയര്മാന് ജോബി കൈപ്പാങ്ങല്‍ പറഞ്ഞു. സമരത്തിന് സെല്‍ബി, ഓമന, സൗമ്യ, പ്രീതി തുടങ്ങിയവര്‍ നേതൃത്വം നല്കി. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നടത്തറ പഞ്ചായത്തില്‍ ഇന്ന് സമരസമിതി ഹര്‍ത്താല്‍ ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: