പത്തനംതിട്ട : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് നടക്കുന്ന പ്രസിദ്ധമായ പൊങ്കാലയുടെ മുന്നോടിയായി 9ന് നിലവറ ദീപം തെളിയിക്കുമെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ നിന്നും രാവിലെ 9ന് ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി തെളിയിക്കുന്ന ദീപം ഘോഷയാത്രയായി ക്ഷേത്രഗോപുര നടയില്‍ പ്രത്യേകം ഒരുക്കിയ വിളക്കിലേക്ക് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി തിരിതെളിക്കും. പൊങ്കാല വൃതാരംഭത്തിന് തുടക്കം കുറിക്കുന്ന ചടങ്ങാണിത്.
പൊങ്കാല ദിവസം രാവിലെ 3.30ന് അഷ്ടദ്രവ്യ മാഹാഗണപതി ഹോമം, 9ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് തിരുമേനി അഗ്നി പകരും. ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന് തിരുമേനി നേതൃത്വം നല്‍കും. മന്ത്രി മാത്യൂ ടി തോമസ് പൊങ്കാല ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഭദ്രദീപം തെളിയിക്കും. 11ന് ദേവിയെ നാല്‍പ്പത്തിയൊന്ന് ജീവിതകളിലായി എഴുന്നള്ളിച്ച് പൊങ്കാല നേദിക്കും. വൈകിട്ട് 5ന് തോമസ് ചാണ്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന് സാംസ്ക്കാരിക സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ എംപി മുഖ്യപ്രഭാഷണം നടത്തും. കെ.വേണുഗോപാല്‍, അഡ്വ. ജനൂപ് പുഷ്പാകരന്‍, കെ.കെ.അശോകന്, കെ.ജി.സുനില്‍ കുമാര്‍, ലാലി അലക്സ്, ബാബു വലിയവീടന്‍ എന്നിവര്‍ പങ്കെടുക്കും. രാധാകൃഷ്ണന് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.സി.വി.ആനന്ദബോസ് കാര്‍ത്തിക സ്തംബത്തില്‍ അഗ്നി ജ്വലിപ്പിക്കും. പോലീസ്, കെഎസ്ആര്‍ടിസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി തുടങ്ങി വിവിധ വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടറുമാരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.കെ.കെ.ഗോപാലകൃഷ്ണന് നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, സെക്രട്ടറി സന്തോഷ് ഗോകുലം, ഗീതാ കൃഷ്ണ കുറുപ്പ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: