കോഴിക്കോട്: 3000 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിലും ചേച്ചിമാര്‍ക്ക് വെല്ലുവിളിയായി ഒരാള്‍ മത്സരിക്കാനുണ്ടായിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ അഞ്ചാം കഌസുകാരി മത്സരിച്ചതിന് സമാനമായി ചൊവ്വാഴ്ച തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലെ ആറാം കഌസുകാരി നവീന രാമന്‍കുട്ടിയാണ് 3000 മീറ്ററില്‍ മത്സരിച്ചത്. ചേച്ചിമാര്‍ക്കൊപ്പം മത്സരിക്കുക മാത്രമല്ല വെങ്കല മെഡലും ഈ പതിനൊന്നു വയസുകാരി നേടി. തിരുവമ്പാടി മറിയപുരം രാമന്‍കുട്ടിയുടെ ഇളയമകള്‍ നവീന, ചേച്ചിയായ നന്ദന രാമന്‍കുട്ടിയിലൂടെയാണ് ട്രാക്കിലിറങ്ങുന്നത്. ചേച്ചി നന്ദന ജൂനിയര്‍ വിഭാഗത്തില്‍ 3000 മീറ്റര്‍ നടത്തതില്‍ മത്സരിച്ചെങ്കിലും സമ്മാനം നേടാന്‍ കഴിഞ്ഞിരുന്നില്ല. പട്ടികവര്‍ഗ വിഭാഗക്കാരായ ഇവര്‍ ദുരിതങ്ങളെ മറന്നുകൊണ്ടാണ് ട്രാക്കിലിറങ്ങുന്നത്.
ദീര്‍ഘദൂര ഇനങ്ങളില്‍ നവീനയുടെ കായികക്ഷമത കണ്ടത്തെിയ സ്‌കൂളിലെ പരിശീലകന്‍ തോമസാണ് ഈ ആറാം കഌസുകാരിയെ പരിശീലിപ്പിച്ചത്. നേരത്തെ 5000 മീറ്ററിലും നവീന മത്സരിച്ചിരുന്നു. ബുധനാഴ്ച 1500 മീറ്ററിലും നവീന ചേച്ചിമാര്‍ക്കൊപ്പം ട്രാക്കിലിറങ്ങും. നൃത്താധ്യാപകനായ അച്ഛന്‍ രാമന്‍കുട്ടി നവീനയെയും നന്ദനയെയും നൃത്തവും പഠിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ ചേച്ചി നന്ദന ഗിറ്റാര്‍ വായിക്കുമ്പോള്‍ അനിയത്ത നിവീനക്ക് കീബോര്‍ഡിലാണ് കമ്പം.
പെയിന്റ് തൊഴിലാളി കൂടിയായ രാമന്‍കുട്ടിക്ക് രണ്ടു മക്കളും കലാകായിക മേഖലയില്‍ ഉയരുന്നത് കാണാനാണ് ആഗ്രഹം. ഇതേ സ്‌കൂളിലെ സൗമ്യ മുരുകനാണ് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെള്ളി. അതേസമയം, സീനിയര്‍ വിഭാഗത്തില്‍ 14വയസിന് താഴെയുള്ളവര്‍ മത്സരിക്കുന്നത് തുടരുന്നത് നിയമവിരുദ്ധമാണെന്ന ആക്‌ഷേപവും നിലനില്‍ക്കുന്നുണ്ട്.
















