കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാംദിനത്തില്‍ ഉഷാസ്‌കൂള്‍ താരങ്ങള്‍ ഗേള്‍സ് വിഭാഗം 800 മീറ്ററില്‍ ആധിപത്യം നിലനിര്‍ത്തി. 800ല്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ അബിത മേരി മാനുവല്‍ കഴിഞ്ഞ ദിവസം നടന്ന 400മീറ്ററിലും സ്വര്‍ണ്ണം നേടിയിരുന്നു. ദേശീയ സ്‌കൂള്‍ കായികമേളയില്‍ 800ല്‍ ദേശീയ റിക്കാര്‍ഡ് ജേതാവ് കൂടിയാണ് അബിത. 2015ല്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ 800ല്‍ വെള്ളി നേടിയിരുന്നു. സംസ്ഥാന് സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലും 800ല്‍ സ്വര്‍ണ്ണം നേടിയിരുന്നു. സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്തില്‍ 800ല്‍ റിക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയിരുന്നു. ഹൈദരബാദില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ വെളളി നേടിയിരുന്നു. ഗോവയില്‍ നടന്ന യൂത്ത് നാഷണല്‍സില്‍ വെള്ളി നേടിയിരുന്നു. സംസ്ഥാന സ്‌കൂള്‍ മീറ്റിലും ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. കല്ലാനോട് സ്വദേശിയായ അബിത മാനുവലിന്റേയും ബീനയുടേയും മകളാണ്.
ഏഷ്യന്‍ ജൂനിയര്‍ മീറ്റിലും ലോക ജൂനിയര്‍ മീറ്റിലും പങ്കെടുത്തിരുന്നു. ലഖ്‌നൗവില്‍ നടന്ന ഓപ്പണ്‍നാഷണല്‍സില്‍ വെങ്കലവും കേരളത്തില്‍ നടന്ന യൂത്ത് മീറ്റില്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. സീനിയര്‍ ഗേള്‍സില്‍ എ എം എച്ച് എസ് പൂവമ്പായിയുടെ എസ് സ്‌നേഹക്കാണ് വെള്ളി. അഞ്ചവര്‍ഷമായി ഉഷാസ്‌കൂളില്‍ പരിശീലിക്കുന്ന സ്‌നേഹ ബാലുശ്ശേരി സ്വദേശിയാണ്. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ എ എം എച്ച് എസിലെ അതുല്യഉദയന് സ്വര്‍ണ്ണം ലഭിച്ചപ്പോള്‍ ഇതേ ഇനത്തില്‍ സിമിപോളിന് വെള്ളിനേടി. കല്‍പ്പറ്റ ഉദയന്‍ ലതിക ദമ്പതികളുടെ മകളായ അതുല്യ കഴിഞ്ഞ വര്‍ഷം സംസ്ഥാന മീറ്റില്‍ 800ല്‍ വെങ്കലം നേടിയിരുന്നു. ജൂനിയര്‍ നാഷണല്‍ വെള്ളിയും ജൂനിയര്‍ സ്‌റ്റേറ്റില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. ഈ വര്‍ഷം നടന്ന ജൂനിയര്‍ സ്‌റ്റേറില്‍ സ്വര്‍ണവും ജൂനിയര്‍ നാഷണല്‍സില്‍ വെള്ളിയും നേടിയിട്ടുണ്ട്. വയനാട് പുല്‍പ്പള്ളി പൗലോസ് ഫിലോമിനയുടേയും മകളായ സിമിപോള്‍ ബാലുശ്ശേരി ജി ജി എച്ച് എസ് വിദ്യാര്‍ഥിനിയാണ്. നേരത്തെ വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വ്യക്തിഗത ചാംപ്യനായിട്ടുണ്ട്. ഇന്റര്‍ക്ലബ്ബ് ചാംപ്യന്‍ഷിപ്പിലും ജൂനിയര്‍ വെങ്കലംനേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വെങ്കലം നേടിയിട്ടുണ്ട്.
















