ഇരിട്ടി: നികുതിവെട്ടിപ്പിലൂടെയും പൂഴ്‌ത്തിവെപ്പിലൂടെയും സ്വരൂപിച്ച കള്ളപ്പണത്തിന്റെ ഉറവിടം വെളിപ്പെടുന്നതിന്റെ അങ്കലാപ്പാണ് വന്‍കിട കച്ചവടക്കാര്‍ ചെറുകിട വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് ഇന്ന് ഇരിട്ടിയില്‍ ഹര്‍ത്താല്‍ നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മറ്റി പത്രസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധാരണക്കാര്‍ക്കടക്കം ഗുണഫലം ലഭ്യമാവുന്ന തരത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കരണത്തിനൊപ്പം നില്‍ക്കാതെ ജനദ്രോഹപരമായ ഹര്‍ത്താലുമായി വ്യാപാരി സംഘടനകള്‍ മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചത് തീര്‍ത്തും രാഷ്‌ട്രഹിതത്തിന് വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് തുടര്‍ച്ചയായ പണ ദൗര്‍ലഭ്യം മൂലം ചില വിഷമതകള്‍ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഒരാഴ്ച മുന്‍പ് കേരളത്തിലെ വ്യാപാരി സമൂഹം ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ചില കോണുകളില്‍ നിന്നുമുള്ള അഭ്യര്‍ത്ഥന മാനിച്ചും രാഷ്‌ട്ര താത്പര്യം മുന്‍നിര്‍ത്തിയും അത് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ എല്ലാ വിഷമതകളും പരിഹരിക്കപ്പെട്ടു വരുന്ന സന്ദര്‍ഭത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത് ചില നിക്ഷിപ്ത ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയാണെന്നു കാണേണ്ടിയിരിക്കുന്നു.
പത്രസമ്മേളനത്തില്‍ നേതാക്കളായ എം.സുരേഷ് ബാബു, കെ.ശിവശങ്കരന്‍, പി.സജിത്ത്, കെ.ജയപ്രകാശ്, കെ.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
















