കണ്ണൂര്‍: ആര്‍എംപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 25 ന് വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ ജനകീയ കൂട്ടായ്‌മ നടക്കുമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു പത്രസമ്മേളനത്തില്‍ അറിയിച്ചു. കൂത്തുപറമ്പില്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സംഭവത്തിന് എം.വി.രാഘവനായിരുന്നു ഉത്തരവാദിയെന്നായിരുന്നു സിപിഎം കാലങ്ങളായി പ്രചരിപ്പിച്ചത്. കൂത്തുപറമ്പ് സംഭവത്തിനു ശേഷം എം.വി.രാഘവന്റെ വീടുള്‍പ്പെടെ സര്‍വ്വതും തീവെച്ച് നശിപ്പിക്കുകയും ജീവിതാവസാനംവരെ രാഘവനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു സിപിഎം. എന്നാല്‍ അടുത്ത കാലത്തായി സിഎംപിയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് സിപിഎമ്മിനൊപ്പം നിര്‍ത്തി രാഘവനെ മഹാനായി ചിത്രീകരിക്കുകയാണ് സിപിഎം.
ഇത്തരത്തില്‍ രാഘവനെ പുകഴ്‌ത്തുന്ന സിപിഎം കൂത്തുപറമ്പ് സംഭവത്തിന് ഉത്തരവാദി രാഘവനല്ലെന്ന് പരസ്യമായി പറയാന്‍ സിപിഎം നേതാക്കള്‍ ചങ്കൂറ്റം കാണിക്കണം. അതല്ലെങ്കില്‍ സിപിഎമ്മിന് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കാനുളള ധാര്‍മ്മികാവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ രാഷ്‌ട്രീയ പാപ്പരത്തം തുറന്നു കാട്ടുന്നതിനായി വൈകുന്നേരം 4.30 ന് നടക്കുന്ന കൂട്ടായ്‌മയില്‍ കെ.സി.ഉമേഷ് ബാബു, അഡ്വ.കസ്തൂരിദേവന്‍, പോള്‍ ടി സാമുവല്‍, കെ.കെ.രമ, എന്‍.വേണു എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.പി.മോഹനനും പങ്കെടുത്തു.
















