കോട്ടയം: ജില്ലാ കായിക മേളയ്‌ക്കായി നേരത്തെ ബുക്ക് ചെയ്ത നെഹ്‌റു സ്‌റ്റേഡിയം സ്വകാര്യ പരിപാടിയ്‌ക്കു നല്‍കണമെന്നു നഗരസഭ, കായികമേള എവിടെ നടത്തുമെന്നറിയാതെ സംഘാടകര്‍. നാളെ മുതല്‍ 26 വരെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജില്ലാ കായികമേള നടത്താനായിരുന്നു സംഘാടകരുടെ തീരുമാനം. ഇതിനായി നേരത്തെ സ്‌റ്റേഡിയം ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സംഘാടക സമിതി യോഗം വിളിച്ചു കായികമേള വിപുലമായി നടത്താന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ചു പരിപാടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും കുട്ടികള്‍ക്കു ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ, ശനിയാഴ്ച സ്‌റ്റേഡിയത്തില്‍ സ്വകാര്യ പരിപാടി നേരത്തെ ബുക്ക് ചെയ്തിരുന്നുവെന്നും മുന്നൊരുക്കങ്ങള്‍ക്കായി സ്‌റ്റേഡിയം വിട്ടുനല്‍കണമെന്നും നഗരസഭാ അധികൃതര്‍ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. സ്വകാര്യ പരിപാടിയ്‌ക്ക് ബുക്ക് ചെയ്തതറിയാതെ കായിക മേളയും ബുക്ക് ചെയ്യുകയായിരുന്നുവെന്നാണു നഗരസഭ പറയുന്നത്.
ഇതോടെ, എവിടെ കായികമേള നടത്തുമെന്നറിയാതെ വിദ്യാഭ്യാസ വകുപ്പ് കുഴങ്ങുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലെങ്കിലും സ്‌റ്റേഡിയം വിട്ടുകിട്ടായാല്‍ മതിയായിരുന്നുവെന്നു സംഘാടകര്‍ പറയുന്നു. എന്നാല്‍, സ്വകാര്യ പരിപാടിയ്‌ക്കായി ഇന്നലെ തന്നെ സ്‌റ്റേഡിയത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഡിസംബര്‍ മൂന്നു മുതല്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കായി ഒന്നിനു താരങ്ങളെ അയയ്‌ക്കണമെന്നതിനാല്‍ മേള നീട്ടിവയ്‌ക്കാന്‍ കഴിയില്ലെന്നു സംഘാടകര്‍ പറയുന്നു. നഗരസഭയുടെ നടപടിയെ തുടര്‍ന്ന് കായികമേള 25 മുതല്‍ 27 വരെ മരങ്ങാട്ട്പിള്ളി ലേബര്‍ ഇന്ത്യാസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടത്തുവാന്‍ ഒടുവില്‍ തീരുനമാനമായി.
















