ചോഴിയക്കാട്: വൃദ്ധയായ അമ്മയെ വീടിന്റെ വരാന്തയില്‍ ഉപേക്ഷിച്ച് വീട് പൂട്ടി മക്കള്‍ സ്ഥലംവിട്ടു. ചോഴിയക്കാട് മേനാംപടവില്‍ വീട്ടില്‍ മേരിയെ(65) ആണ് മക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മേരി എറണാകുളത്ത് ഇളയ മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു. ഒരാഴ്‌ച്ച മുന്‍പ് വീട്ടിനുള്ളില്‍ വീണ് വലതുകാലിന്റെ എല്ലിന് പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മേരിയെ ഇന്നലെ വൈകിട്ടാണ് ഇളയ മകനും, ബന്ധുക്കളും ചേര്‍ന്ന് ചോഴിയക്കാടുള്ള മൂത്ത മകന്റെ അടുത്ത് എത്തിച്ചത്.
അമ്മയെ നോക്കാന്‍ എറണാകുളത്തുള്ള വീട്ടില്‍ സൗകര്യമില്ലാത്തതിനാലാണ് ജ്യേഷ്ഠന്റെ വീട്ടില്‍ എത്തിച്ചത് എന്നാണ് ഇളയ മകന്‍ അറിയിച്ചത്. ഇന്നലെ രാവിലെ അയല്‍വാസികള്‍ വൃദ്ധയായ സ്ത്രീയെ കാണുകയും, വാര്‍ഡ് മെമ്പര്‍ ജയശ്രീ ടീച്ചറെ വിവരം അറിയിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സ്ഥലത്തെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ എത്തി ഭക്ഷണവും, വെള്ളവും, മരുന്നും നല്‍കുകയും പോലീസ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ചിങ്ങവനം എസ്‌ഐ എം.എസ്. ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി വീടിന്റെ പൂട്ട് തുറന്ന് വൃദ്ധയെ വീട്ടിനുള്ളിലെ കട്ടിലില്‍ കിടത്തി. തുടര്‍ന്ന് വൃദ്ധയുടെ മക്കളുമായി സംസാരിച്ച് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
വൃദ്ധയായ സ്ത്രീയെ കോട്ടയം നവജീവന്‍ ട്രസ്റ്റ് ഏറ്റെടുക്കുവാന്‍ തീരുമാനമായി. പഞ്ചായത്ത് മെമ്പര്‍ ജയശ്രീ ടീച്ചറിന്റ നിര്‍ദ്ധേശപ്രകാരമാണ് നവജീവന്‍ ട്രസ്റ്റ് വിഷയത്തില്‍ ഇടപെട്ടത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ അനീഷ്, ഹരികൃഷ്ണന്‍, ബിന്ദു മോഹന്‍, ആശ, സുമ മുകുന്ദന്‍, ശ്യാം കണിയാന്‍മല എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
















