വരന്തരപ്പിള്ളി : : പാലപ്പിള്ളി ചിമ്മിനി ഡാം റോഡില്‍ കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തി. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ആറളപാടിയിലും അഞ്ചിളംപാടിയിലുമാണ് കാട്ടാനക്കൂട്ടമിറങ്ങിയത്.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആന കൂട്ടം ഇറങ്ങി ഭീതി പരത്തിയത്.രണ്ട് കൊമ്പനും രണ്ട് കുട്ടികളും ഉള്‍പ്പെടെ പന്ത്രണ്ട് ആനകളാണ് നടുറോഡില്‍ ഇറങ്ങിയത്. ഒരു മണിക്കൂറോളം വഴിയോരത്ത് ആനകള്‍ നിന്നതുമൂലം ഗതാഗതം സ്തംഭിച്ചു.
സ്വകാര്യ ബസുകളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും റോഡില്‍ കുടുങ്ങി. പിന്നീട് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ശബ്ദമുണ്ടാക്കിയപ്പോള്‍ ആനകള്‍ സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് പോകുകയായിരുന്നു. പകല്‍ സമയത്ത് ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന കൂട്ടമിറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ആനകള്‍ ഇറങ്ങി നാശം വിതക്കുന്നതും പതിവാണ്.
റബ്ബര്‍ തോട്ടങ്ങള്‍ കാടുപിടിച്ചു കിടക്കുന്നതുമൂലം ആനകള്‍ നില്‍ക്കുന്നത് തൊഴിലാളികള്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയാണ്.ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികള്‍ ഭീതിയോടെയാണ് തോട്ടങ്ങളില്‍ എത്തുന്നത്.നിരന്തരം കാട്ടാനകള്‍ ഇറങ്ങി ഭീതി പരത്തിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരും തൊഴിലാളികളും ആരോപിക്കുന്നു.
വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ വൈദ്യുത വേലി സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.രണ്ട് ദിവസം മുന്‍പ് ആറളപാടിയില് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ആനയിറങ്ങി പാടിയോട് ചേര്‍ന്നുള്ള വാഴകൃഷി നശിപ്പിക്കുന്നതു കണ്ട വീട്ടുകാര്‍ വീടിന്റെ പുറകിലെ വാതില്‍ തുറന്ന് രക്ഷപെടുകയായിരുന്നു. ചിമ്മിനി ഡാമിലേക്കുള്ള റോഡില്‍ വഴിവിളക്കില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
പാലപ്പിള്ളി, ചിമ്മിനി മേഖലകളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് തടയാനുള്ള നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: