പന്തളം: മറ്റുള്ള തീര്‍ത്ഥാടകര്‍ക്കു നല്കുന്ന അതേ പരിഗണന ശബരിമല തീര്‍ത്ഥാടകര്‍ക്കും നല്‍കണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റും രാജ പ്രതിനിധിയുമായ പി.ജി. ശശികുമാര്‍ വര്‍മ്മ പറഞ്ഞു.
ശബരിമല അയ്യപ്പ സേവാസമാജം പന്തളത്തെ സേവാകേന്ദ്രം ഉദ്ഘാടനവേളയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മണ്ഡലക്കാലം ഉത്സവകാലമല്ല ചൂഷണത്തിനുള്ള കാലമാണെന്നാണ് പലരും കരുതുന്നത്. കുപ്പിവെള്ളം നിരോധിച്ച ശബരിമലയില്‍ ഓരോ 50 മീറ്ററിലും കൊക്കോ കോള പാര്‍ലറുകളാണുള്ളത്. ശബരിമലയില്‍ ആര്‍ക്കും എന്തും ചെയ്യാവുന്ന അവസ്ഥയാണിന്നുള്ളത്. ഇതിനെതിരെ എന്തു ചെയ്യാം എന്ന് ഹൈന്ദവ സമൂഹം കൂട്ടായി ആലോചിക്കുകയും അതുസരിച്ചു പ്രവര്‍ത്തിക്കുകയും വേണം. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവിന് ശബരിമലയില്‍ താമസിക്കാന്‍ ഒരു മുറിക്കു വേണ്ടി ദേവസ്വം ബോര്‍ഡ് കനിയണമെന്ന അവസ്ഥയാണുള്ളത്. അതു മാറണം. കേരളത്തിന്റെ എല്ലാവിധമായ മുന്നേറ്റത്തിനും സഹായകരമായ ഒരു കാലമാണ് മണ്ഡലകാലം. അതിനാല്‍ അതിനുള്ള അര്‍ഹമായ പ്രാധാന്യം നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കും രക്ഷയ്ക്കുമായി എല്ലാമെല്ലാം അയ്യപ്പന് എന്ന സങ്കല്പത്തില് നാം ജീവിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ കാര്യദര്‍ശി വിശ്വം പാപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: