ഇടുക്കി: അനധികൃത ഏലക്ക വിപണന കേന്ദ്രത്തില്‍ പരിശോധന നടത്താനെത്തിയ വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ നെടുങ്കണ്ടം പോലീസില്‍ കീഴടങ്ങി. രണ്ടുപേര്‍ ഒളിവിലാണ്. സ്ഥാപന ഉടമയും ഒന്നാം പ്രതിയുമായ അബ്ദുല്‍ നജീബ്. ഷാജഹാന്‍, മൂര്‍ത്തി എന്നിവരാണ് കീഴടങ്ങിയത്. പ്രദീപ്, ഷിനോജ് എന്നിവര്‍ ഒളിവിലാണ്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. പകരം നെടുങ്കണ്ടം പോലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാമ്പാടുംപാറ കോമ്പുങ്കല്‍ പരമശിവത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അനധികൃത ഏലക്ക വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് ഇന്റലിജന്‍സ് സ്‌ക്വാഡിലെ ഇന്റലിജന്‍സ് ഓഫീസര്‍ മധുസൂദനന്‍ പിള്ള, ഇന്‍സ്‌പെക്ടര്‍മാരായ എം പി ബിജു, തിലോത്തമ എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. അബ്ദുല്‍ നജീബിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ഔദ്യോഗിക ക്യത്യനിര്‍വഹണം തടസപ്പെടുത്തിയതിന് നെടുങ്കണ്ടം പോലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. 1300 കിലോ ഏലക്കയാണ് അനധികൃതമായി സൂക്ഷിച്ചിരുന്നത്. ഇതിന് 1,60,000 രൂപ പിഴയും ഈടാക്കി.
















