കുഞ്ഞരിപ്പല്ലുകള്‍ കാണാന്‍ മനോഹരമായിരിക്കണം, ഒപ്പം ആരോഗ്യവും വേണം. വേണ്ടപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ പാല്‍പ്പല്ലുകള്‍ക്ക് വേഗത്തില്‍ ദന്തക്ഷയമുണ്ടാകും. മോണരോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്.
കുട്ടിക്ക് 6 മാസമാവുന്നതോടെയാണ് പാല്‍പ്പല്ലുകള്‍ മുളയ്ക്കുന്നത്. മൂന്ന് വയസ്സാകുമ്പോഴേക്ക് കുഞ്ഞുവായില് 20 പാല്‍പ്പല്ലുകള്‍ മുളച്ചിരിക്കും. 6 നും 12 നുമിടയിലുള്ള പ്രായത്തില്‍ ഈ പല്ലുകള്‍ കൊഴിഞ്ഞുപോയി പകരം സ്ഥിരംപല്ലുകള്‍ ഉണ്ടാകും. കുഞ്ഞുനാളിലേ തന്നെ പല്ലുകള്‍ സംരക്ഷിക്കേണ്ടതുണ്ട്.
കേടുവന്ന പാല്‍പ്പല്ല് വലിച്ചുപറിച്ചുകളയുന്നത് നല്ലതല്ല. പാല്പ്പല്ലുകളിലുണ്ടാവുന്ന രോഗങ്ങളെ നിസാരമായി കാണരുത്. കാരണം സ്ഥിരമായ പല്ലുകള്‍ വരുന്നതിനുമുമ്പുള്ള ഒരുക്കമാണ് ആദ്യത്തെ പല്ലുകള്‍. താടിയെല്ലുകള്‍ക്ക് ബലം കിട്ടാനും ആഹാരം ചവച്ചരയ്ക്കാന്‍ കുട്ടിക്കു പരിശീലനം ലഭിക്കാനും പാല്‍പ്പല്ലുകള്‍ ആവശ്യമാണ്.
ബാക്ടീരിയകളാണ്പാല്പ്പല്ലുകളെ ആക്രമിക്കാനെത്തുന്നത്. കുട്ടികള്‍ കഴിക്കുന്ന ആഹാരം പൊതുവെ മധുരതരമായിരിക്കും. ഗ്ലൂക്കോസ്, ഫ്രാക്റ്റോസ്, സൂക്രോസ് എന്നിങ്ങനെ കുട്ടികളുടെ ആഹാരത്തിലുള്ള പഞ്ചസാര മൂന്നു തരത്തിലുണ്ട്. ഇതുമായി ബാക്ടീരിയകള്‍ ഉപാപചയപ്രവര്‍ത്തനം നടത്തുന്നതിന്റെ ഫലമായി അമ്ല പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നു. ഈ അമ്ലം പല്ലിന്റെ പുറത്തെ സുരക്ഷിത ആവരണമായ ഇനാമലിനെയും ഡെന്റിനെയും നശിപ്പിക്കുന്നു. ഇത് ദന്തരോഗങ്ങള്‍ക്ക് കാരണമാവുന്നു.
നഴ്സിംഗ് ബോട്ടില്‍ കേരീസ് എന്ന ദന്തക്ഷയമാണ് കുഞ്ഞിപ്പല്ലുകളില് കൂടുതലായും കണ്ടുവരുന്നത്. പാല്‍ക്കുപ്പി വായില്വച്ചുറങ്ങുന്ന കുട്ടികള്‍ക്കാണ് ഈ ദന്തരോഗമുണ്ടാകുന്നത്.
താഴത്തെ നിരയില്‍ മുന്‍ വശത്തുള്ള നാലു പല്ലുകളൊഴികെ ബാക്കിയെല്ലാം കേടുവരുന്നു എന്നതാണ് ഈ ദന്തക്ഷയത്തിന്റെ പ്രത്യേകത. രാത്രി ഉറങ്ങുമ്പോള്‍ ഉമിനീരിന്റെ ഒഴുക്കു കുറയുന്നു. ഇത് ബാക്ടീരിയയുടെ പ്രവര്‍ത്തനം കൂടാനിടയാക്കുന്നു. അങ്ങനെ പല്ലുകള്‍ കേടുവരാനുള്ള സാധ്യതയും കൂടുന്നു. പാല്‍പ്പല്ലുകളിലെ ദന്തക്ഷയം എന്നാല്‍ പല്ലുകളുടെ പുറംഭാഗത്തു കാണുന്ന കേടുകള്‍ മാത്രമല്ല, മോണരോഗങ്ങളും രണ്ടാമതുവരുന്ന സ്ഥിരദന്തങ്ങളുടെ ക്ഷയവും ഭാവിയില്‍ ഉണ്ടാവുന്നു.
മധുരമാണ് പല്ലിന്റെ കാര്യത്തില്‍ വില്ലന്‍. പല്ലു വരുന്ന പ്രായത്തില്‍ മധുരമുള്ള ആഹാരം കഴിയുന്നത്ര കുറച്ചുകൊണ്ടുവരണം. മറ്റുചില ശീലങ്ങളും മാറ്റേണ്ടതുണ്ട്. കുഞ്ഞ് പാല്‍കുപ്പി വായില്‍വച്ചുകൊണ്ട് ഉറങ്ങാന്‍ അനുവദിക്കരുത്. ഉറക്കമായെന്നു കണ്ടാലുടന്‍ കുപ്പി എടുത്തു മാറ്റാന്‍ ശ്രദ്ധിക്കണം
പഴച്ചാറുകള്‍ക്ക് പകരം പഴം കടിച്ചുതിന്നാല്‍ അനുവദിക്കുക. കുട്ടികള്‍ക്ക് മിഠായികള്‍ അധികം നല്‍കാതിരിക്കുക. ജ്യൂസ് പോലുള്ള മധുരപദാര്‍ത്ഥങ്ങള്‍ ഗ്ലാസില്‍ മാത്രം നല്‍കുക.
രാത്രി മരുന്നു കൊടുത്തശേഷവും വായ കഴുകിക്കുക. ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക.
കുട്ടികളുടെ ദന്തസംരക്ഷണം
കുഞ്ഞരിപ്പല്ലുകള്‍ മുളച്ചുവരും മുമ്പേ മോണ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. നനഞ്ഞ തുണികൊണ്ട് മോണ തുടയ്ക്കുന്നതാണ് നല്ലത്.
പല്ലു വന്നുതുടങ്ങിയാല്‍ ബ്രഷ് ഉപയോഗിച്ചുതുടങ്ങാം. എന്നാല്‍ ടൂത്ത് പേസ്റ്റോ മൗത്ത് വാഷോ ഉപയോഗിക്കേണ്ടതില്ല. മൃദുത്വമുള്ള വൃത്താകൃതിയിലുള്ള ചെറിയ ബ്രഷാണ് കുട്ടികള്‍ക്കായി വാങ്ങേണ്ടത്.
ബ്രഷ് ആറു മാസം കൂടുമ്പോള്‍ മാറ്റണം. ആഴ്ചയില്‍ ഒരിക്കല്‍ ചൂടുവെള്ളത്തില്‍ കഴുകിവൃത്തിയാക്കുക. രണ്ട് വയസ്സാകുമ്പോള്‍ അല്പം പേസ്റ്റ് പല്ലുതേക്കാന്‍ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: