സ്വന്തം ലേഖകന്‍
കൊട്ടാരക്കര.: ഇടതു വലത് മുന്നണികളുടെ സഹകരണ പ്രേമം തങ്ങളുടെ കള്ളപണം സംരക്ഷിക്കാനെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി പ്രത്യക്ഷസമരത്തിന് തയ്യാറെടുക്കുന്നു. മൂന്ന് വര്‍ഷമായി നിക്ഷേപിച്ച പണത്തിന് വേണ്ടി മുന്നണികളുടെയും ഉദ്യേഗസ്ഥരുടേയും പടിവാതില്‍ക്കല്‍ മുട്ടിത്തളര്‍ന്ന താമരക്കുടി സഹകരണബാങ്കിലെ നിക്ഷേപകരെ മുന്‍നിര്‍ത്തിയാണ് സമരം.
പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ബിജെപി നേതാക്കള്‍ നിക്ഷേപകരെ നേരില്‍ കാണും. അവരുടെ പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കൊട്ടാരക്കര ഏആര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സംസ്ഥാനനേതാക്കള്‍ സമരത്തില്‍ പങ്കാളിയാകും.
പതിമൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയിട്ടും പകല്‍മാന്യന്മാരായി നടക്കുന്ന എല്‍ഡിഎഫ് നേതാക്കളെ സമൂഹമധ്യത്തില്‍ തുറന്നുകാട്ടാന്‍ ഭവനസന്ദര്‍ശനം ഉള്‍പ്പടെയുള്ള പരിപാടികള്‍ ബിജെപി ആസൂത്രണം ചെയ്തുകഴിഞ്ഞു. സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വസിച്ച് പണം നഷ്ടമായ നിക്ഷേപകര്‍ സഹകരണമേഖലയെ രക്ഷിക്കാനല്ല സിപിഎം സമരമെന്ന് വ്യക്തമാക്കി രംഗത്തുണ്ട്. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ വെട്ടിച്ച തങ്ങളുടെ നിക്ഷേപം തിരികെ നല്‍കാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ലാത്തതെന്തെന്നാണ് ഇവരുടെ ചോദ്യം.
നാല് പതിറ്റാണ്ട് പാരമ്പര്യമുളള താമരക്കുടി സഹകരണബാങ്കിലെ തട്ടിപ്പ് കേരളത്തില്‍ സഹകരണ മേഖലയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പാണ്. സിപിഎം ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തിയ പന്ത്രണ്ട് കോടിയുടെ തട്ടിപ്പ് മൂലം ജില്ലയിലെ ഏറ്റവും നല്ല ബാങ്ക് അടച്ചുപൂട്ടലിന്റ വക്കിലും നിക്ഷേപകര്‍ ആത്മഹത്യാ മുനമ്പിലും ആണ്. വിവാഹ ആവശ്യത്തിനും വീടു വെയ്‌ക്കാനും സ്വരുക്കൂട്ടിയിരുന്ന തുകയും പലിശയും കിട്ടാത്തവര്‍ മൂവായിരത്തോളം വരും. തട്ടിപ്പുകാരുടെ അറസ്റ്റ് തടഞ്ഞ എംപി തന്നെ നിക്ഷേപകര്‍ക്കുവേണ്ടി രംഗത്തെത്തുന്ന കാഴ്ചയാണ് ഇവിടെ. നിക്ഷേപകരെ വഞ്ചിച്ച സിപിഎമ്മും എംഎല്‍എയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കള്ളപ്രചരണവുമായി വീണ്ടും സജീവമായതോടെയാണ് ബിജെപി നിക്ഷേപകരെ സംഘടിപ്പിച്ച് രംഗത്തെത്തിയത്. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി.രമേശ് എത്തി നിക്ഷേപകര്‍ക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തതോടെ ബിജെപി സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.
2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറുപേരുടെ പരാതികളിലായി 80ലക്ഷം രൂപ നല്‍കാന്‍ സഹകരണ ഓംബുഡ്‌സ്മാന്‍ വിധിച്ചെങ്കിലും നിലവിലെ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേവാങ്ങി. അടുത്തിടെ കൊല്ലത്തു നടന്ന സിറ്റിങ്ങില്‍ മൂന്നു പേരുടെ പരാതിയില്‍ അമ്പത് ലക്ഷം രൂപ നല്‍കാനും ഓംബുഡ്‌സ്മാന്‍ വിധിച്ചിരുന്നു. ഉപഭോക്തൃ കോടതിയില്‍ പരിഗണിച്ച പരാതിയില്‍ മൂന്നുലക്ഷം രൂപ നല്‍കാനും വിധിയായെങ്കിലും ഒന്നുപോലും നല്‍കിയിട്ടില്ല.
കൊട്ടാരക്കരയില്‍ നടന്ന ദേശീയ അദാലത്തില്‍ മാത്രം അറുപതോളം പേര്‍ പരാതി നല്‍കാന്‍ എത്തിയതോടെ താമരക്കുടി ബാങ്കിലെ പരാതികള്‍ കേള്‍ക്കാന്‍ മാത്രമായി പ്രത്യേക അദാലത്ത് നടത്താന്‍ തീരുമാനിച്ചിരുന്നു.
കോടതി വിധിച്ചിട്ടു പോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നു നിക്ഷേപകര്‍ പരിതപിക്കുന്നു. വിധി നടപ്പാക്കിക്കിട്ടാന്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണിവര്‍. ഈ അവസ്ഥയിലാണ് ബിജെപി നിക്ഷേപകരെ സഹായിക്കാന്‍ രംഗത്ത് വരുന്നത്.
















