ചിറ്റൂര്‍: താലൂക്കിലെ ജനങ്ങള്‍ കുടിവെളളത്തിന് ആശ്രയിക്കുന്ന ചിറ്റൂര്‍പുഴ കുടിവെളള പദ്ധതിയില്‍ മാലിന്യം കലരുന്നു. അനിയന്ത്രിതമായ മാലിന്യം നിക്ഷേപമൂലം ജനം ഗുരുതര രോഗഭീഷണിയിലാണ്. അറവുശാലകളില്‍ നിന്നുളള ചീഞ്ഞളിഞ്ഞ വസ്തുക്കളാണ് മാലിന്യങ്ങളില്‍ കൂടുതലും. ഇത്തരം മാലിന്യങ്ങളില്‍ നിന്നുളള വെളളം ഒഴുകിയെത്തുന്നത് ചിറ്റൂര്‍ പുഴയിലേക്കാണ്.
ചിറ്റൂര്‍ പുഴയില്‍ രണ്ടിടത്തായാണ് കുടിവെളളപദ്ധതി നിലകൊളളുന്നത്. ആര്യമ്പളളത്താണ് പദ്ധതിയുടെ ആദ്യസ്ഥലം. രണ്ടാമത്തേത് ചിറ്റൂര്‍ കോളജിനു സമീപത്തെ പുഴക്കടവിലുമാണ്. രണ്ടിടങ്ങളിലുമായി പ്രതിദിനം 35 ലക്ഷം ലിറ്റര്‍ വെളളമാണ് ജനത്തിന് കുടിക്കാന്‍ നല്‍കുന്നത്.
ചിറ്റൂര്‍ മുനിസിപ്പാലിറ്റിക്കുപുറമെ 19 പഞ്ചായത്തുകളിലെയും ജനങ്ങള്‍ ചിറ്റൂര്‍പുഴ പദ്ധതിയുടെ കുടിവെളളത്തെയാണ് ആശ്രയിക്കുന്നത്. പദ്ധതിയുടെ ഭാഗമായുളള കുടിവെളളവിതരണം രണ്ടുടാങ്കില് നിന്നാണ് നല്‍കുന്നത്. ആര്യമ്പളളത്ത് 10 ലക്ഷംലിറ്റര്‍ സംഭരണശേഷിയുളള ടാങ്കാണ് ഉളളത്.
ചിറ്റൂര്‍ കോളജിനുസമീപത്തെ ടാങ്കിന് സംഭരണശേഷി 25 ലക്ഷം ലിറ്ററുമാണ്. ആര്യമ്പളളത്തെ ആശ്രയിച്ച് 3000 വീട്ടുകണക്ഷനുകളും 200 പൊതുടാപ്പുകളും ഉണ്ട്. ചിറ്റൂര്‍ കോളജിനു സമീപത്തെ ടാങ്കില്‍ നിന്നും 4500 വീട്ടുകണക്ഷനുകളിലേക്ക് വെളളം പോകുന്നു. ഇതിനുപുറമെ 260 പൊതുടാപ്പുകളിലേക്ക് ചിറ്റൂര്‍ പുഴയില്‍ നിന്ന് വെളളം ഒഴുക്കുന്നുണ്ട്.
പദ്ധതിപ്രദേശങ്ങളില്‍ മാലിന്യം തളളുന്നത് രാത്രികാലങ്ങളിലാണ്. ഇവിടങ്ങളിലെ തെരുവ് വിളക്കുകളെല്ലാം കണ്ണടച്ചരിക്കുകയാണ്. ഇതാണ് മാലിന്യനിക്ഷേപത്തിന് പ്രധാനകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പദ്ധതി പ്രദേശങ്ങളില്‍ വെളിച്ചം പകരുവാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: