കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ സിബിഐ കണ്ടെത്തിയ പ്രതികളെ രക്ഷിക്കാന്‍ പോലീസ് തിരക്കഥ തയ്യാറാക്കുകയാണെന്നും അതിന്റെ ഭാഗമായാണ് സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
2006ല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ അന്നത്തെ ഇടതുമുന്നണി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കീഴിലുള്ള കേരള പോലീസി ന്റെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയ സിപിഎമ്മുകാരായ പ്രതികളെ ഇടതുഭരണകാലത്തുതന്നെയാണ് അറസ്റ്റുചെയ്തത്. കേന്ദ്രത്തില്‍ അന്ന് ഭരിച്ചിരുന്നത് യുപിഎ ഗവണ്‍മെന്റായിരുന്നു. തുടര്‍ന്ന് ഫസലിന്റെ ബന്ധുക്കള്‍ ഹൈക്കോടതയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും അത് കോടതി അംഗീകരിക്കുകയും ചെയ്തു. കേസ് തുടര്‍ന്നന്വേഷിച്ച സിബിഐ സംഘമാണ് സിപിഎം ജില്ലാ നേതാക്കളായ കാരായിമാരുള്‍പ്പെടെയുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സിബിഐ കോടതി ഇവരെ റിമാന്റ് ചെയ്യുകയും നാടുകടത്തുകയുമായിരുന്നു.
വസ്തുത ഇതായിരിക്കെ സിബിഐ കോടതിയില്‍ കേസ് വിചാരണ നടക്കാനിരിക്കുന്ന സന്ദര്‍ഭത്തില്‍ പോലീസ് സേനയിലെ സിപിഎമ്മു കാരായ പോലീസ് ഉദ്യോഗസ്ഥരും സിപിഎം നേതാക്കളുടെ ആജ്ഞാനവര്‍ത്തികളായ ഡിവൈഎസ്പിമാരും ചേര്‍ന്ന് വിചാരണ അട്ടിമറിച്ച് സിബിഐ കണ്ടെത്തിയ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്.
മോഹനന്‍ വധക്കേസില്‍ യാതൊരു ബന്ധവുമില്ലാത്ത സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ കാറില്‍ കയറ്റിക്കൊണ്ടുപോയി വിട്ടു എന്ന നിസ്സാര കുറ്റമാണ് സുബീഷിന്റെ പേരില്‍ പോലീസ് ചാര്‍ജ്ജ് ചെയ്തത്. പെട്ടെന്ന് ജാമ്യം കിട്ടാവുന്ന കുറ്റമായിട്ടുകൂടി സുബീഷിനെ കസ്റ്റഡിയിലെടുത്ത് മൂന്ന് ദിവസം കഴിഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഹനന്‍ കേസന്വേഷണത്തില്‍ യാതൊരു പങ്കുമില്ലാത്ത കണ്ണൂര്‍ ഡിവൈഎസ്പിയാണ് സുധീഷിനെ കസ്റ്റഡിയിലെടുത്തത്. ഇത് വ്യക്തമാക്കുന്നത് ഫസല്‍ വധക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ്. കൃത്രിമ തെളിവുണ്ടാക്കുകയായിരുന്നു പോലീസ്. പോലീസ് സുബീഷിനെ പിടിച്ചുകൊണ്ടുപോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്തതിന്റെ പേരില്‍ ബന്ധുക്കള്‍ കോടതിയെ സമീപിച്ചതിനു ശേഷമാണ് പുതിയ തിരക്കഥയുമായി ഡിവൈഎസ്പിമാര്‍ രംഗത്തുവന്നത്.
മൃഗീയമായി മര്‍ദ്ദിച്ച് പോലീസ് തന്നെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നുവെന്ന് സുധീഷ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. കണ്ണൂരിലെ ക്രിമിനല്‍ സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ ത്തിക്കുന്ന രണ്ട് ഡിവൈഎസ്പിമാരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന് സമാധാന കമ്മറ്റി യോഗത്തില്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ അന്യായമായി കസ്റ്റഡിയില്‍ വെച്ചതിന് ഏതാനും ആഴ്ചമുമ്പ് ആറ് മാസം ശിക്ഷിക്കപ്പെട്ട ആളാണ് കണ്ണൂര്‍ ഡിവൈഎസ്പി. കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ കേരള പോലീസിന് യാതൊരു അവകാശവുമില്ല. പോലീസിന്റെ നടപടിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
അധികാരത്തണലില്‍ സിപിഎം പോലീസിനെ ഉപയോഗിച്ച് നടത്തിയ നടപടി വരുംദിവസങ്ങളില്‍ ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. പോലീസ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനും നിലവിലുള്ള സമാധാനാന്തരീക്ഷം തകര്‍ക്കാനും മാത്രമേ ഇത്തരം നീക്കങ്ങള്‍കൊണ്ട് സാധിക്കുകയുള്ളൂവെന്നും സിപിഎം നേതൃ ത്വവും ഒരുസംഘം പോലീസ് ഉദ്യോഗസ്ഥരും ഇത് മനസ്സിലാക്കുന്നത് നല്ലതാണെന്നും പി.സത്യപ്രകാശ് പറഞ്ഞു.
















