കാസര്‍കോട്: ചെറുവത്തൂര്‍ വിജയാബാങ്ക് കൊള്ളയടിച്ച കേസില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ ആറ് പ്രതികള്‍ക്കെതിരെ വിധി പറയുന്നത് മാറ്റിവെച്ചത്. 2015 സെപ്തംബര്‍ 28നാണ് ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വിജയ ബാങ്കില്‍ നിന്നും 20 കിലോ സ്വര്‍ണവും 2,95,000 രൂപയും കൊള്ളയടിച്ചത്. കേസില്‍ മടിക്കേരി കുശാല്‍നഗര്‍ ബെത്തിന ഹള്ളിയിലെ എസ്. സുലൈമാന്‍ (45), സൂത്രധാരനായ ബളാല്‍ കല്ലംചിറയിലെ അബ്ദുല്‍ ലത്വീഫ് (39), ബല്ലാ കടപ്പുറത്തെ മുബഷീര്‍ (21), ഇടുക്കി രാജഗുടിയിലെ എം ജെ മുരളി (45), ചെങ്കള നാലാംമൈലിലെ അബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30), മടിക്കേരി എര്‍മാടിലെ അബ്ദുല്‍ ഖാദര്‍ (48) എന്നിവരാണ് പ്രതികള്‍. ആറാംപ്രതി മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളയിലെ അഷ്‌റഫ് (38) ഒളിവിലാണ്. ഇയാള്‍ക്കെതിരെയുള്ള വിചാരണ കോടതി മാറ്റിവെച്ചിരിക്കുകയാണ്.
നീലേശ്വരം സി ഐയായിരുന്ന കെ ഇ പ്രേമചന്ദ്രന്‍ അന്വേഷണം നടത്തി 55 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതു കൊണ്ടു തന്നെ അറസ്റ്റിലായ ആറ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നില്ല. ഇവരെല്ലാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ചില്‍ കവിയുകയാണ്. പ്രതികളെയെല്ലാം ഇന്നലെ കോടതിയിലെത്തിച്ചിരുന്നു. കേസില്‍ 130 സാക്ഷികളാണ് ഉണ്ടായിരുന്നത്. ബാങ്കില്‍ നിന്നും കൊള്ളയടിച്ച 20 കിലോ സ്വര്‍ണത്തില്‍ 18 കിലോ സ്വര്‍ണം പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നു. സിജെഎം ജി അനില്‍ കേസിന്‍ ഇന്ന് വിധി പറയും.
















