കോട്ടയം: അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റെ ആഭിഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിവന്ന സേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുകയും സംഘത്തിന്റെ ബാനറുകളും ബോര്‍ഡുകളും അധികൃതര്‍ നീക്കം ചെയ്‌തെന്നും അയ്യപ്പസേവാസംഘം ദേശിയ ട്രഷററും സംസ്ഥാന ജനല്‍ സെക്രട്ടറിയുമായ മോഹന്‍ കെ. .നായര്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.
മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് നടത്തിവന്ന സേവനം ഈ തീര്‍ത്ഥാടന കാലത്തും നല്‍കുന്നതിനായി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് അപേക്ഷ നല്‍കുകയും വൃശ്ചികം ഒന്നു മുതല്‍ അത്യാഹിത വിഭാഗത്തിന് സമീപം ക്യാമ്പ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ 19ന് ആശുപത്രി ആര്‍എംഒ യുടെ നേതൃത്വത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അയ്യപ്പസേവാ സംഘത്തിന്റെ ബാനറുകളും ബോര്‍ഡുകളും നീക്കം ചെയ്തു. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഈ നടപടി മൂലം സേവാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മരുന്നിനും മറ്റും ചിലവഴിക്കുന്നതിനായി അയ്യപ്പസേവാസംഘത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. പത്രസമ്മേളനത്തില്‍ അയ്യപ്പസേവാസംഘം യൂണിയന്‍ പ്രസിഡന്റ് പി .ദാസപ്പന്‍ നായര്‍, .ഡോ. ടി. എന്‍ .പരമേശ്വരക്കുറുപ്പ്, ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തു.
















