ഒളശ്ശ: മുന്നറിയിപ്പുകളും അപകടസൂചനകളും ധാരാളം ഉണ്ടായിട്ടും പൈനാപ്പിള്‍ കൃഷിക്കിടയിലെ കീടനാശിനി പ്രയോഗം ഒഴിയുന്നില്ല. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷദ്രാവകങ്ങളാണ് പല ഇടത്തും കര്‍ഷകര്‍ ഉപയോഗിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നു. കൈതച്ചെടികള്‍ ഒരുപോലെ പൂക്കാനും, പൂത്ത് കായ്ച്ചവ ഒരുപോലെ മൂപ്പെത്തിപ്പഴുക്കാനുമെല്ലാം മാരകമായതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ ഹോര്‍മോണ്‍ മരുന്നുകള്‍ ഉപയോഗിക്കുന്നു.
ഒളശ്ശയില്‍ ഹൈസ്‌കൂളിനു സമീപമുളള ആറാട്ടുവഴിയിലെ തോട്ടത്തിലും മറ്റു ചിലയിടങ്ങളിലുമാണ് കീടനാശിനികള്‍ പ്രയോഗിക്കുന്നത്. ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലെ കൃഷിക്ക് കീടനാശിനികള്‍ ഉപയോഗിക്കുന്നത് കുടിവെള്ള സ്രോതസുകളില്‍ വിഷം പടരുന്നതിന് ഇടയാക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതൊന്നും വകവയ്‌ക്കാതെയാണ് പാട്ടത്തിനെടുത്ത തോട്ടത്തില്‍ കീടനാശിനി പ്രയോഗിക്കുന്നത്.
ഇതരസംസ്ഥാന യുവാക്കളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്തു മരുന്നാണ് അടിക്കുന്നതെന്ന് അവര്‍ക്ക് അറിയുകയില്ല. കഴിഞ്ഞ ദിവസം വ്യാപകമായ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് സമീപത്തുളളവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോയൊണ് സംഭവം പുറത്തറിയുന്നത്്. നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.
















