ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലും പരിസരത്തും ചിട്ടികമ്പനി തട്ടിപ്പില്‍ ഇരയായവരുടെ കിടപ്പാട ആധാരങ്ങള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബസ്സ് സ്റ്റാന്റ് പരിസരത്ത് കിടപ്പാട മാര്‍ച്ച് നടത്തി. അഡ്വ.പി.എ.പൗരന് ഉദ്ഘാടനം ചെയ്തു.
മതിലകം സ്വദേശി മായന്‍കുട്ടി എന്ന സുലൈമാന്‍ ഇടപാടുക്കാരുടെ ആധാരങ്ങള്‍ വാങ്ങുകയും നിസ്സാര തുക നല്‍കുകയുമായിരുന്നു. ഇതേ ആധാരങ്ങള്‍ ഇരിങ്ങാലക്കുടയിലെ വിവിധ ചിട്ടികമ്പനികളില് പണയപ്പെടുത്തി വന്‍തുക തട്ടിയെടുത്തതായാണ് പരാതി.
ഇതേ തുടര്‍ന്ന് സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് പരാതിക്കാരുടെ ആധാരങ്ങള്‍ തിരിച്ചെടുക്കാന്‍ നടപടിയൊന്നും ഉണ്ടായില്ല എന്നാരോപിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സമരസമിതി സെക്രട്ടറി പി എ കുട്ടപ്പന് അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ നജ്മല്‍ ബാബു, സി എ അജിതന്, ബഷീര്‍ തൈവളപ്പില്‍, ഷൈജു കുറ്റിക്കാട്ട്, സി.എസ് മുരളി, മുഹമ്മദ് ചാമക്കാല തുടങ്ങിയവര്‍ സംസാരിച്ചു. പെന്‍സുല ചിട്ടികമ്പനിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് സമരാനുകൂലികള്‍ റോഡില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: