മുണ്ടക്കൈ: വനത്തോട് ചേര്‍ന്നുള്ളതും നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്ന പുഴകളുടെ ഉല്‍ഭവ സ്ഥാനവുമായ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാനുള്ള മേപ്പാടി പഞ്ചായത്ത് അധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്ന് മുണ്ടക്കൈ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ മാലിന്യം നിക്ഷേപിക്കാനായി വെള്ളാര്‍മല വില്ലേജിലെ സര്‍വേ നമ്പര്‍ 330/01/04 ല്‍ ബ്ലോക്ക് 32ല്‍പെട്ട സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സ്ഥലം വനത്തോട് ചേര്‍ന്നുകിടക്കുന്നതും നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രവുമാണ്. കൂടാതെ ഹാരിസണ്‍സ് മലയാളം കമ്പനിയും സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയാണിത്. ഇതിന് സമീപത്തായുള്ള 4.65 ഏക്കര്‍ ഭൂമി ആശിക്കും ഭൂമി ആദിവാസി പദ്ധതിയില്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചതുമാണ്. ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍ വന്യമൃഗങ്ങളുടെ കൂട്ടക്കുരുതിക്ക് ഇത് കാരണമാകും. കൂടാതെ ഈ സ്ഥലത്തോട് ചേര്‍ന്നൊഴുകുന്ന ചാലിയാറിന്റെ പോഷക നദിയായ പുന്നപ്പുഴയാറിന്റെ ഇരു കരകളിലും താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും ഈ പുഴയേയാണ് ആശ്രയിക്കുന്നത്. മാലിന്യ നിക്ഷേപം ഇവരുടെ കുടിവെള്ളവും മുട്ടിക്കും. സ്ഥലം ഏറ്റെടുക്കാനുള്ള പഞ്ചായത്ത് ആധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോപം ആരംഭിക്കുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സി മുഹമ്മദ്, എ ഹംസ, ശിവാന്ദന്‍, കെ അബദുല്‍ സലാം, പി.കെ വിജയന്‍, എ മജീദ്, നസ്‌റുദ്ധീന്‍, സലീം, പ്രശാന്ത്, പി.കെ ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
















