മലപ്പുറം: സ്കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിനിടയിലാണ് രക്ഷിതാക്കളില്‍ ഭീതി ജനിപ്പിക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
കെഎല്‍ 11 1111 എന്ന നമ്പറുള്ള മാരുതി ഓമ്നി വാനിലെത്തുന്ന സംഘമാണ് കുട്ടികളെ കടത്താന്‍ ശ്രമിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ വാഹനത്തെ ചുറ്റിപറ്റിയാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. രാവിലെ മുതല്‍ വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ വാഹനം അവിടെ വെച്ച് കണ്ടു, വാഹനം ഈ ഭാഗത്തേക്ക് പോയി, സ്കൂള്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട നിലയില്‍ തുടങ്ങിയ രീതിയിലുള്ള സന്ദേശങ്ങളാണ് വരുന്നത്. ഇതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാകും.
കുറച്ച് ദിവസങ്ങളായി രക്ഷിതാക്കള്‍ ആകെ ഭീതിയിലാണ്. അതിനിടയില്‍ എരിതീയില്‍ എണ്ണയെന്ന പോലെ ഇത്തരം സന്ദേശങ്ങളും കൂടിയാകുമ്പോള്‍ ഭയം ഇരട്ടിയാകുന്നു.
വ്യാജസന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.
അതിനിടയില്‍ തട്ടികൊണ്ടുപോകല്‍ ശ്രമങ്ങള്‍ ഭീതിപരത്താനുള്ള നാടകമാണെന്നും ആക്ഷേപമുണ്ട്. കാരണം വെറും ശ്രമങ്ങള്‍ നടന്നതല്ലാതെ ഇതുവരെ ഒരു കുട്ടിയെപോലും കാണാതായിട്ടില്ല. ഇതിന് പിന്നിലും ദുരൂഹതയുണ്ട്. ഒരു സംഘം ആളുകളോ അല്ലെങ്കില്‍ ഏതെങ്കിലും സംഘടനയോ ആയിരിക്കാം ഇതിന് പിന്നില്‍. സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണത്തിനെതിരെ പോലീസ് പരിശോധന കര്‍ശമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: