ആലുവ: സാമൂഹ്യവിരുദ്ധരെ നേരിടുന്നതിനായി റൂറല്‍ ജില്ലാ പോലീസ് കൊട്ടിഘോഷിച്ച് സ്ഥാപിച്ച ‘റെഡ് ബട്ടണ്‍’ പരസ്യ ബോര്‍ഡുകളുടെ മറയിലായിട്ടും പോലീസ് കണ്ണുതുറക്കുന്നില്ല. കഴിഞ്ഞ ഒക്ടോബര്‍ 29ന് ‘റെഡ് ബട്ടണിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോക്ഡ്രില്‍ നടത്തിയ പോലീസ് പരസ്യബോര്‍ഡുകളുടെ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്.
സംസ്ഥാനത്ത് ആദ്യമായി ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച റെഡ് ബട്ടണിനാണ് ഈ ദുര്‍ഗതി. വഴി യാത്രികര്‍ക്ക് റെഡ് ബട്ടണ്‍ കാണണമെങ്കില്‍ ചൂണ്ടികാണിക്കാന്‍ ആളുവേണം. യന്ത്രത്തെ മറയ്‌ക്കുന്ന വിധം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. പ്രദേശത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ പോലീസിന് സന്ദേശം കൈമാറാനുള്ള സൗകര്യമാണ് ‘റെഡ് ബട്ടണ്‍ അലര്‍ട്ട് റോബോട്ടിക്ക് സ്‌പെക് ട്രം’ എന്ന യന്ത്രത്തിലുള്ളത്.
യന്ത്രത്തില്‍ പൂര്‍ണ വയര്‍ലസ് സംവിധാനമാണ്. പത്തടി ഉയരവും, ഒരു ചതുരശ്രയടി വിസ്തീര്‍ണവുമുള്ള യന്ത്രത്തിന്റെ മധ്യഭാഗത്തായി ‘ചുവപ്പ് ബട്ടണ്‍’ ഉണ്ട്. യന്ത്രത്തിന് മുകളില്‍ ചുവപ്പ്, പച്ച ലൈറ്റുകളുമുണ്ട്. റെഡ് ബട്ടണില്‍ അമര്‍ത്തിയാല്‍ ചുവപ്പ് വെളിച്ചം തെളിയുന്നതിനോടൊപ്പം കാമറകളും മിഴിതുറക്കും. ബട്ടണില്‍ അമര്‍ത്തുന്നവര്‍ക്ക് തത്സമയം പോലീസുമായി സംസാരിക്കാം. അക്രമസംഭവങ്ങളുണ്ടായാല്‍ പോലീസിന് മിന്നല്‍ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നതാണ് യന്ത്രത്തിന്റെ പ്രധാന നേട്ടം. എന്നാല്‍, റെഡ് ബട്ടനോട് ചേര്‍ന്ന് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് തടസമാണ്. യന്ത്രം സ്ഥാപിച്ച ആദ്യനാളുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പോലീസ് തടഞ്ഞിരുന്നു. ആരെങ്കിലും അറിയാതെ സ്ഥാപിച്ചാല്‍ മിന്നല്‍ വേഗത്തില്‍ പോലീസ് നീക്കുകയും ചെയ്യും. എന്നാലിപ്പോള്‍ തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. യന്ത്രത്തിലെ കാമറകള്‍ ബോര്‍ഡുകളാല്‍ മറഞ്ഞിരിക്കുകയാണ്.
















