പത്തനംതിട്ട : അടൂരില്‍ ഡിവൈഎഫ്ഐ-എഐവൈഎഫ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.
രണ്ടുദിവസമായി തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായി ഇന്നലെ എഐവൈഎഫ് ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ അഡ്വ.ആര്.ജയന് നേരെ വധശ്രമമുണ്ടായി. പറക്കോട് കെആര്‍കെ സിനിമാ തീയേറ്ററിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് വടിവാളുമായി കാത്തുനിന്ന ഡിവൈഎഫ്ഐ സംഘം ജയനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
അടൂരില്‍ നിന്നും ജയനെ പിന്തുടര്ന്ന് വന്ന സംഘം ബൈക്ക് തള്ളിയിട്ട് വടിവാളുമായി ജയനെ അക്രമിക്കുകയായിരുന്നു. ഓടി രക്ഷപെട്ട ജയന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ അഭയം തേടുകയായിരുന്നു. പിന്തുടര്ന്നെത്തിയ അക്രമികള്‍ ആശുപത്രിക്ക് നേരെയും കല്ലേറ് നടത്തി. അടൂര്‍ പോലീസെത്തിയാണ് ജയനെ രക്ഷപെടുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
അതിനെ കളിയാക്കിക്കൊണ്ട് ചില എഐവൈഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് തുടക്കമായത്. വെള്ളിയാഴ്ച വൈകിട്ട് സിപിഐ ഓഫീസിന് സമീപം എംസി റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു പന്നിവിഴ സ്വദേശികളായ രണ്ട് എഐവൈഎഫ് പ്രവര്‍ത്തകരും മറ്റൊരു ബൈക്ക് യാത്രികനുമായി വാക്കേറ്റമുണ്ടാതും സംഘര്‍ഷം രൂക്ഷമാക്കാനിടയായി. വാക്കേറ്റത്തിനിടയില്‍ ഇതു വഴിവന്ന ഡിവൈഎഫ്ഐ ഏരിയ പ്രസിഡന്റ് മണ്ണടി ശ്രീനിയുള്പ്പെടെയുള്ള ഡിവൈഎഫ്ഐ നേതാക്കള്‍ പ്രശ്നത്തില്‍ ഇടപെട്ടതിനെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും ഇവരോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ സിപിഐ ഓഫീസിന് മുന്നില്‍ ഡിവൈഎഫ്ഐ എഐവൈഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ മണ്ണടി ശ്രീനിയുടെ നേതൃത്വത്തില്‍ സിപിഐ ഓഫീസില്‍ എഐവൈഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതിനിടെ പുറത്ത് നിന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എഐവൈഎഫ് പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ സിപിഐ ഓഫീസില്‍ നിന്നും സിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കമ്പിവടികളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തല്ലിയോടിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചെങ്കിലും മര്‍ദ്ദനമേറ്റ ഡിവൈഎഫ്ഐക്കാര്‍ രാത്രി പന്നിവിഴ കോട്ടപ്പുറത്തുള്ള എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അഖിലിനെ അക്രമിക്കാനെത്തി. അഖില്‍ അക്രമത്തില്‍ നിന്നും രക്ഷപെട്ടെങ്കിലും വീട്ടില്‍ കയറി പിതാവിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ സിപിഐയുവജന വിഭാഗം നേതാവിനെ നടുറോഡില്‍ വടിവാളുമായി സിപിഎമ്മിന്റെ യുവജന വിഭാഗം നേരിട്ടത്. ഇതു സംബന്ധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പേരില്‍ രണ്ട് കേസുകളും എഐവൈഎഫ് പ്രവര്‍ത്തകരുടെ പേരില്‍ ഒരു കേസും എടുത്തതായി പൊലീസ് അറിയിച്ചു.
ഇന്നലെ അടൂരില്‍ നിന്നും പറക്കോട് ഭാഗത്തേക്ക് ജയന് വരുന്നതറിഞ്ഞ് പലയിടങ്ങലിലായി ഡിവൈഎഫ്ഐഅക്രമി സംഘം കാത്തുനില്ക്കുകയും ഒരു കാറില്‍ മറ്റൊരു സംഘം പിന്തുടരുകയുമായിരുന്നെന്ന് അറിയുന്നു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടൂര്‍, ഏഴംകുളം, പറക്കോട് എന്നിവിടങ്ങളില്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ അടൂരില്‍ സിപിഎം -സിപിഐ പോര് ഉടലെടുത്തിരുന്നു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പല സിപിഎം നേതാക്കളും സജീവമായി രംഗത്തെത്തിയില്ലെന്ന് സിപിഐ പരാതിപ്പെട്ടിരുന്നു. ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ നാളുകളായി നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസമാണ് യുവജന സംഘടനകളുടെ തെരുവുയുദ്ധത്തില്‍ എത്തിനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: