പത്തനാപുരം: മാങ്കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. വാണിയം പാറ കിഴക്കേതില്‍ വിജയന്റെ മകന്‍ ശരത്ത് (16)ആണ് മര്‍ദനമേറ്റ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മാങ്കോട് ഗവ.ഹൈസ്‌കൂളില്‍ നടന്ന കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന തര്‍ക്കത്തിന്റെ പേരില്‍ സ്‌കൂളിന് പുറത്ത് വച്ച് കുട്ടികളുടെ രക്ഷിതാക്കളും മറ്റ് മുതിര്‍ന്ന ചിലരും സംഘം ചേര്‍ന്ന് ശരത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ രക്ഷിതാവ് വിജയന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് പിന്‍വലിച്ച് ഒത്തു തീര്‍പ്പ് നടത്താനായി മര്‍ദിച്ചവര്‍ ഭീഷണപെടുത്തുന്നതായും പറയുന്നു. മാങ്കോട് സ്വദേശികളായ നസീര്‍, എബി, ഷെമീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. പൂനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരത്തിന്റെ തലയ്‌ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസ്സെടുത്തങ്കിലും ശരിയായ രീതിയില്‍ അന്വഷണം നടക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
















