കാസര്‍കോട്: മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ സമരത്തിന് പോയത് കള്ളപ്പണക്കാര്‍ക്ക് കൂട്ട് നില്‍ക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള കടമ നിര്‍വ്വഹിക്കാതെ കള്ളപ്പണക്കാര്‍ക്ക് കൂട്ട് നില്ക്കുന്ന സമീപനമാണ് സമരത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ജന്മശതാബ്ദിയാഘോഷ സമാപനം ഉള്‍പ്പെടെയുള്ള പ്രാധാന്യമേറിയ പരിപാടികള്‍ക്ക് റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണ്. കാര്‍ഷിക മേഖല വളരെയേറെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയില്‍ നിന്ന് ആശ്വസകരമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കള്ളപ്പണക്കാര്‍ക്ക് കൂട്ട് നിന്ന് കേന്ദ്ര സര്‍ക്കാറിനെതിരെ സമരം നടത്തുന്ന ഇടത് വലത് മുന്നണികളുടെ ജനദ്രോഹപരമായ സമീപനത്തെ ജനങ്ങള്‍ ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: