െൈവക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ. പുലര്‍ച്ചെ 3. 30ന് നടതുറക്കും. ഉഷപൂജയ്‌ക്കും എതൃത്തപൂജയ്‌ക്കും ശേഷം 4.30നാണ് അഷ്ടമി ദര്‍ശനം. വൈക്കത്തപ്പന്റെ പ്രധാന വഴിപാടായ പ്രാതലിന് 151 പറയുടെ വിഭവസമൃദ്ധമായ പ്രാതലാണ് ഒരിക്കിയിരിക്കുന്നത്. മഹാദേവക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള ആല്‍ചുവട്ടില്‍ തപസനുഷ്ഠിച്ച വ്യാഘ്രപാദമഹര്‍ഷിക്ക് ശ്രീപരമേശ്വരന്‍ പാര്‍വതീസമേതനായി ദര്‍ശനം നല്‍കിയ പുണ്യമുഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം. ഈ ദിവസം പ്രഭാതം മുതല്‍ പ്രദോഷം വരെ ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് വൈക്കത്തപ്പന്‍ സകലവിധ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം.
വൈകിട്ട് 6ന് ഹിന്ദുമത കണ്‍വന്‍ഷനും കലാപരിപാടികളും അരങ്ങേറും. വൈക്കത്തപ്പനെ രാത്രി 10 ന് കിഴക്കേ ആനകൊട്ടിലിലേക്ക് എഴുന്നള്ളിക്കും. വാദ്യഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ് എഴുന്നള്ളിപ്പ്. രാത്രി 11 മുതല്‍ രണ്ടുവരെ മകനായ ഉദയനാപുരത്തപ്പന്റെ വരവും അഷ്ടമിവിളക്കും നടക്കും.അവകാശിയായ കറുകയില്‍ കൈമള്‍ രണ്ടിന് നടക്കുന്ന വലിയകാണിക്കയില്‍ ആദ്യകാണിക്ക അര്‍പ്പിക്കും. തുടര്‍ന്ന് ഭക്തജനങ്ങളും കാണിക്ക അര്‍പ്പിക്കും. 3.30 മുതല്‍ 4.30 വരെ ഉദയനാപുരത്തപ്പന്റെ യാത്രയപ്പും നടക്കും.
അഷ്ടമിദര്‍ശനത്തോട് അനുബന്ധിച്ച് ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറ വഴി ക്ഷേത്രാങ്കണവും പ്രധാന സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
















