തൊടുപുഴ: എക്‌സൈസിനെ വെട്ടിച്ച് കടന്ന പ്രതി മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ തൊടുപുഴയില്‍ നിന്ന് പിടിയില്‍. വ്യാജമദ്യ വില്‍പ്പനയ്‌ക്കിടയില്‍ ഇടുക്കി എക്‌സൈസ് റേഞ്ച് സംഘം കസ്റ്റഡിയിലെടുത്ത പ്രതിയാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നത്.
കുളമാവ് ചെറുകരപ്പറമ്പില്‍ ബെല്ലാരി രാജന്‍ എന്നറിയപ്പെടുന്ന രാജന്‍ ദാനിയേല്‍ (33) ആണ് കുയിലുമല എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ നിന്നും ചാടിപ്പോയത്. വെള്ളിയാഴ്‌ച്ച വൈകിട്ട് 7.30 ഓടെയാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. കുളമാവ് ടൗണില്‍ കുരിശുപള്ളിക്ക് സമീപം റോഡില്‍ വച്ച് മദ്യം വില്‍ക്കുന്നതിനിടെ ഇയാള്‍ പിടിയിലാകുകായായിരുന്നു. 400 മില്ലി മദ്യവും പിടിച്ചെടുത്തു. രാത്രിയില്‍ ഇടുക്കി എക്‌സൈസ് ഓഫീസില്‍ എത്തിച്ച് കസ്റ്റഡിയില്‍ സൂക്ഷിച്ച പ്രതി ഇന്നലെ രാവിലെ 7 മണിയോടെ ടോയിലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിലങ്ങ് അഴിച്ചിരുന്നു. പോകുന്നവഴി ഉദ്യോഗസ്ഥനെ തള്ളിയിട്ട് വനത്തിലേക്ക് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ രാവിലെ 11.30 ഓടെ മീന്‍മുട്ടിക്ക് സമീപം കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇയാളെ വീണ്ടും കണ്ടെത്തിയെങ്കിലും ബസിന്റെ ഷട്ടര്‍വിടവിലൂടെ ചാടി വനത്തിലേക്ക് രക്ഷപെട്ടു. വനത്തിനുള്ളില്‍ എക്‌സൈസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രതിയുടെ പടം അയച്ചു. തുടര്‍ന്ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ നിന്ന് തൊടുപുഴ എകസൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥന്റെ ബന്ധു ബസില്‍വെച്ച് പ്രതിയെ തിരിച്ചറിഞ്ഞ് വിവരം നല്‍കുകയായിരുന്നു. 8 മണിയോടെ ഇടുക്കി എക്‌സൈസിന് കൈമാറിയ പ്രതിയെ രാത്രി 9.30 യോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: