തൃശൂര്‍: ദേശീയബോധം ശക്തിപ്പെടുന്നതോടെ കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ നിലനില്‍പ്പ് നഷ്ടപ്പെടുമെന്ന ഭയമാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്. സാമാന്യജനങ്ങളില്‍ ദേശീയബോധം വളര്‍ത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തനത്തെ സിപിഎം ഭയപ്പെടുന്നു. അക്രമങ്ങളിലൂടെ സംഘപരിവാര്‍ സംഘടനകളെ ഇല്ലാതാക്കാമെന്ന സിപിഎം നിലപാട് കേരളത്തില്‍ അശാന്തി വിതക്കുകയാണെന്നും രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തൃശൂര്‍ തെക്കെഗോപുരനടയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആര്‍എസ്എസ്- ബിജെപി ശക്തികേന്ദ്രങ്ങളിലൊന്നും ഒരക്രമവും നടക്കുന്നില്ല. സിപിഎം തന്നെ അവകാശപ്പെടുന്നത് കണ്ണൂര്‍ അവരുടെ ശക്തികേന്ദ്രമാണെന്നാണ്. സ്വന്തം ശക്തികേന്ദ്രത്തില്‍ സിപിഎം ആയുധം താഴെവച്ചാല്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവര്‍ സിപിഎം അണികളുടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. 1969ല്‍ തലശ്ശേരിയിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്റെ വധത്തില്‍ മുഖ്യപ്രതിയാണ് പിണറായി. അന്നത്തെ അക്രമിയുടെ മനോഭാവം ഇന്നും പിണറായിവിജയന് ഉപേക്ഷിച്ചിട്ടില്ല. നിയമസഭയില്‍ പ്പോലും വെല്ലുവിളി നടത്തുന്നതിന്റെ കാരണമിതാണ്. കമ്മ്യൂണിസം ആശയപരമായിത്തന്നെ അക്രമസ്വഭാവമുള്ളതാണെന്നും ലോകത്തിന്റെ എല്ലാഭാഗത്തും കമ്മ്യൂണിസ്റ്റുകള്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ ചരിത്രമാണുള്ളതെന്നും രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. കേരളത്തില്‍ എല്ലാരാഷ്ട്രീയപ്രസ്ഥാനങ്ങളും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരകളായിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരനായിരുന്ന ടി.പി.ചന്ദ്രശേഖരനെപ്പോലും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിലൂടെ സിപിഎമ്മിന്റെ പൈശാചിക മുഖമാണ് കേരളം കണ്ടത്.
അക്രമരാഷ്ട്രീയത്തെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനതലത്തില്‍ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ മുന്നേറ്റത്തെ നേതൃത്വം നല്‍കുന്നതെന്നും രാധാകൃഷ്ണന് പറഞ്ഞു. മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന് അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആമുഖഭാഷണം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് സ്വാഗതവും ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന് നന്ദിയും പറഞ്ഞു. വിചാരകേന്ദ്രം മധ്യമേഖല സംഘടനാസെക്രട്ടറി ഷാജി വരവൂര്‍ കവിത അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: