റോയല്‍ സിനിമ ആന്‍ഡ് ഡ്രമാറ്റിക് കമ്പനി എന്ന പേരില്‍ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന് കലാസമിതി ആരംഭിക്കുന്നത് 1929 ലാണ്. കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ നാടകാഭിനയത്തില്‍ അദ്ദേഹം താല്പര്യം കാണിച്ചിരുന്നു. പിന്നീട് ചിത്രരചനാ പഠനവും ഫോട്ടോഗ്രഫിയില്‍ പരിശീലനവും അതേ ധാരകളില്‍ തൊഴിലുമൊക്കെയായി മദിരാശിയടക്കമുള്ള സ്ഥലങ്ങളില്‍ ചെലവഴിച്ച നാളുകളില്‍ അതാതിടങ്ങളിലെ നാടകങ്ങള്‍ കാണാന്‍ അദ്ദേഹം ഉത്സുകനായിരുന്നു.
യുദ്ധഫണ്ടിന്റെ ധനശേഖരണാര്‍ത്ഥം ചെറിയാന് മാസ്റ്ററും സഹോദരന്മാരും ചേര്‍ന്ന് തൃശൂരില്‍ ഗവണ്മെന്റ് ട്രെയിനിംഗ് സ്കൂളില്‍ നടത്തിയ കലാപ്രകടനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് അപ്പന് തമ്പുരാനായിരുന്നു. വീടുപണിക്കും മറ്റുമായി ഞാറയ്ക്കല്‍ 1919 മുതല്‍ രണ്ടുവര്‍ഷം ചെലവഴിച്ചപ്പോള്‍ അദ്ദേഹവും സഹോദരന്മാരും തറവാട്ടുപുരയിടത്തില്‍ തന്നെ നാടകക്കൊട്ടക കെട്ടിയുണ്ടാക്കി. ‘സദാരം’, ‘നൈഷധം’ തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. മദിരാശിയില്‍ ദാസ് ബ്രദേഴ്സില്‍ ചീഫ് ആര്‍ട്ടിസ്റ്റായി സേവനമനുഷ്ഠിച്ച നാളുകളിലും തുടര്‍ന്നും ഡോ. ചേലനാട്ട് അച്യുതമേനോന്റെ നേതൃത്വത്തില്‍ മലയാളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാടകാവതരണങ്ങളില്‍ ചെറിയാന്മാസ്റ്റര് സജീവ പങ്കാളിയായിരുന്നു. ‘വിരുതന് ശങ്കു’, ‘ഇന്ദുലേഖ’, ‘കലഹിനീദമനകം’ തുടങ്ങിയ നാടകങ്ങള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. റാവു ബഹദൂര്‍, സംബന്ധ മുതലിയാര്‍, വി.സി. ഗോപാലരത്തിനം തുടങ്ങിയവരുടെ കീഴിലുള്ള സുഗുണ വിലാസ സഭയുടെ ഇംഗ്ലീഷ് നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് 1927 ല്‍ എറണാകുളത്ത് റോയല്‍ സ്റ്റുഡിയോ ആരംഭിച്ചതിന്റെ തുടര്‍ച്ചയിലാണ് 1929 ല്‍ നാടകക്കമ്പനിക്ക് രൂപം നല്‍കിയത്.
കമ്പനിയുടെ പേരിനോടു ചേര്‍ന്ന് ‘സിനിമ’ എന്ന പദം വന്നതിന്റെ പുറകില്‍ കേരളത്തിനു പുറത്തു ചിലവഴിച്ച നാളുകളില്‍ കാണാനിടയായ അന്യഭാഷാ ചിത്രങ്ങള്‍ വഴി ഉണര്‍ന്നുവന്ന ചലച്ചിത്രാഭിനിവേശമുണ്ടായിരുന്നിരിക്കാം. അന്ന് ‘വിഗതകുമാരന്’ മാത്രമാണല്ലോ മലയാള സിനിമയായി പുറത്തുവന്നിട്ടുള്ളത്. ഭാവിയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സിനിമയിലേക്കുകൂടി വ്യാപിപ്പിക്കാം എന്ന ചിന്ത അദ്ദേഹത്തിന്റെ ഉപബോധമനസ്സിലെങ്കിലും ചിലപ്പോള്‍ ഉണ്ടായിട്ടുണ്ടാകാം.
അതിനേക്കാള്‍ സ്വാഭാവികമായ ന്യായം ‘സിനിമാറ്റിക്’ എന്ന പദം അന്നു നാടകക്കാര് ഉപയോഗിച്ചിരുന്ന അര്ത്ഥതലത്തില്നിന്ന് വായിച്ചെടുക്കാനാകുന്നു. പുതിയ സാങ്കേതികതകള്‍ സിനിമയില്‍നിന്ന് കടംകൊണ്ട് നാടകത്തില്‍ പരീക്ഷിക്കുക അന്നൊരു പതിവാകാന്‍ തുടങ്ങിയിരുന്നു. നാടകം ‘സിനിമാറ്റിക്’ ആക്കുക എന്ന പ്രയോഗം പ്രചാരത്തിലായിരുന്നു. വേദിയില്‍ വിഭ്രമാത്മകമായ തലം സൃഷ്ടിക്കുക എന്നതായിരുന്നു അതുകൊണ്ട് അര്‍ത്ഥമാക്കിയിരുന്നത്. മിത്തുകളും പുരാണങ്ങളും നാടകപ്പെടുത്തുമ്പോള് അത്തരം ഇടചേര്ക്കലുകള്ക്കു പ്രയുക്തി പ്രാമുഖ്യവുമുണ്ടായിരുന്നു. ആ അര്‍ത്ഥത്തിലുമാകാം കമ്പനി പേരില്‍ ‘സിനിമ’ ഇടംപിടിച്ചത്.
വി.എസ്. ആന്‍ഡ്രൂസുമായി സഹകരിച്ചാണ് ചെറിയാന് മാസ്റ്റര്‍ നാടക കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സെബാസ്റ്റിയന് കുഞ്ഞുകുഞ്ഞുഭാഗവതര്‍, ഓച്ചിറ വേലുക്കുട്ടി, മാത്തപ്പന്, പളനിയപ്പന്‍, ഓച്ചിറ ചെല്ലപ്പപിള്ള, തിരുവമ്പാടി പാച്ചുപിള്ള തുടങ്ങിയവരെ മാസശമ്പളത്തില്‍ നിയമിച്ചുകൊണ്ടുള്ള സ്ഥിര നാടക സംവിധാന രീതിയിലായിരുന്നു പ്രവര്‍ത്തനം. അങ്ങനെയൊരു കീഴ്വഴക്കം മലയാള നാടകത്തില്‍ അന്നതാദ്യമായിരുന്നു. ആഢ്യത്വമുള്ള തറവാട്ടു പശ്ചാത്തലത്തില്‍നിന്ന് നാടകപ്രവര്ത്തകരുണ്ടാവുക പതിവില്ലാത്ത കാലത്ത് ചെറിയാന് മാസ്റ്റര്‍ ഇങ്ങനെ മുന്നിട്ടിറങ്ങിയത്, പ്രത്യേകിച്ചും ക്രൈസ്തവ ധാരയില്‍നിന്നുള്ള ഒരാള്‍ എന്ന നിലയില്‍, ധീരവും സാഹസികവുമായ നീക്കമായിരുന്നു. എറണാകുളത്തിനു പുറമെ മട്ടാഞ്ചേരിയിലും ചേര്‍ത്തല പൊന്നാംവെളിയിലും വിജയകരമായി ആഴ്ചകളോളം പ്രദര്‍ശിപ്പിച്ചശേഷം സംഘം ആലപ്പുഴ കിടങ്ങാംപറമ്പില്‍ പ്രദര്‍ശനം തുടര്‍ന്നു. ആന്‍ഡ്രൂസ് രചനകളായിരുന്ന പറുദീസാ നഷ്ടവും ജ്ഞാനസുന്ദരിയുമായിരുന്നു പ്രധാന നാടകങ്ങള്‍.
ചെറിയാന് മാസ്റ്ററുടെ ഇളയ സഹോദരിയുടെ രോഗാവസ്ഥയും മരണവും സംബന്ധിച്ച് അദ്ദേഹത്തിന് നാടകരംഗം വിട്ട് ഇതിനിടയില്‍ ഒരാഴ്ചയോളം മദിരാശിയില്‍ തങ്ങേണ്ടിവന്നു. ഓച്ചിറ വേലുക്കുട്ടി ഈ നാടകങ്ങളിലൂടെ ഏറെ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അതിന്റേതായ പ്രത്യേക പരിഗണന കമ്പനി മാനേജര്‍ നല്‍കുന്നില്ലെന്ന അപകര്‍ഷതാബോധത്തിന്റെ പുറത്ത് തല്‍പ്പരകക്ഷികളുടെ ഉപജാപകം കൂടിയായപ്പോള്‍ വേലുക്കുട്ടി കമ്പനിയില്‍ കലാപക്കൊടി ഉയര്‍ത്തി. സമാന്തര കമ്പനി തുടങ്ങുവാനാലോചനകളാരംഭിച്ചു. ചെറിയാന് മാസ്റ്റര്‍ അതില്‍ ഖിന്നനായി.
എറണാകുളത്ത് റോയല്‍ സ്റ്റുഡിയോയുടെ ചുമതല വഹിച്ചിരുന്ന വ്യക്തി നാട്ടിലേക്കു മടങ്ങിയതോടെ സ്റ്റുഡിയോ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയാന് മാസ്റ്ററുടെ ഏതാണ്ട് മുഴുവന്‍ സമയവും ആവശ്യമായി. ഫലമോ, റോയല്‍ സിനിമ ആന്‍ഡ് ഡ്രാമ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു.
സ്റ്റുഡിയോ വികസനത്തിന്റെ ബദ്ധപ്രവര്ത്തനങ്ങള്ക്കിടയിലും ചെറിയാന് മാസ്റ്റര്‍ നാടകക്കാറ്റിന്റെ വഴിവിട്ട് പൂര്‍ണമായും ഒഴിഞ്ഞുനിന്നില്ല. അപ്പന് തമ്പുരാന്റെ ശ്രമങ്ങൡലും സമാന ധാരകളിലെ നാടകോദ്യമങ്ങളിലും സഹവര്‍ത്തിച്ചുപോന്നു. ആ തുടര്‍ച്ചയിലാണ് അദ്ദേഹവും സഹോദരന്മാരും ചേര്‍ന്ന് ഞാറയ്ക്കല്‍ ‘സന്മാര്‍ഗവിലാസ നടനസഭ’ 1934 ല്‍ ആരംഭിക്കുന്നത്. ശ്രീരാമാരണ്യയാത്ര (പാദുക പട്ടാഭിഷേക)മായിരുന്നു ആദ്യനാടകം. മിശിഹാ ചരിത്രം രണ്ടാമത്തേതും- രണ്ടോ മൂന്നോ പേരൊഴികെ നാടകത്തില്‍ അഭിനയിച്ചതത്രയും ചെറിയാന് മാസ്റ്ററുടെ കുടുംബാംഗങ്ങളായിരുന്നു. അന്നതു വലിയൊരു കാര്യമായിരുന്നു. ”നാടകസംഘത്തില്‍ ചേരുന്നതു സന്മാര്ഗത്തെയും സദാചാരത്തെയും വകവയ്ക്കാത്തവരാണ്” എന്ന നിലവിലിരുന്ന വിശ്വാസത്തെ അദ്ദേഹം അപ്പാടെ തകര്‍ത്തു. അന്നോളം ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്ത മറ്റൊരു സാഹസികതക്കും അദ്ദേഹം തയ്യാറായി.
അദ്ദേഹത്തിന്റെയും സഹോദരന്മാരുടെയും നാലു പെണ്മക്കള്കൂടി നാടകത്തില്‍ അഭിനയിച്ചു. സ്ത്രീകള്‍ പൊതുരംഗത്തേക്ക്, പ്രത്യേകിച്ചും നാടകാഭിനയരംഗത്തേക്ക് കടന്നുവരുന്നതിനെ നല്ല കണ്ണുകൊണ്ടു കാണുവാന്‍ വിസമ്മതിച്ചിരുന്ന പൊതുസമൂഹത്തിനു തങ്ങളുടെ ധാരണകള്‍ തിരുത്തേണ്ടിവന്നു. ‘സന്മാര്‍ഗ്ഗവിലാസ നടനസഭ’ എന്ന പേര് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം അന്വര്‍ത്ഥമാക്കി. പെണ്‍കുട്ടികള്‍ക്ക് യാതൊരുവിധ കറുത്ത നിഴല്‍ പോലും വരാതെ നാടക ശുശ്രൂഷ നിവര്ത്തിക്കുവാനാകും എന്നു സാക്ഷ്യപ്പെടുത്തി.
രണ്ട് യൂണിറ്റായി നാടകപ്രവര്‍ത്തനം നടത്തേണ്ടിവരുന്നത്ര ജനപ്രീതിയും തജ്ജന്യമായ തിരക്കും മിശിഹാചരിത്രം നേടിയെടുത്തു. കൊച്ചിയില്‍ ഒരു കയര്‍ വ്യവസായശാലയില്‍ ജോലിചെയ്തിരുന്ന ചെറുപ്പക്കാരനായ ഒരാള്‍ ഒരു യുവസംഗീതനടനായി ചെറിയാന് മാസ്റ്ററുടെ സംഘത്തില്‍ ചേരുന്നത് ഇക്കാലത്താണ്; ആ ചെറുപ്പക്കാരനായിരുന്നു അഗസ്റ്റിന് ജോസഫ്. (യേശുദാസിന്റെ പിതാവ്). വൈക്കം മണിയും അതേ പരിഗണനയില്‍ സംഘാംഗമായി.
1937 ല്‍ എറണാകുളത്തുണ്ടായ നിര്‍ഭാഗ്യകരമായ തീപിടുത്തത്തില്‍പ്പെട്ട് റോയല്‍ സ്റ്റുഡിയോ കത്തിനശിച്ചത് മാസ്റ്റര്‍ക്ക് വലിയ പ്രഹരമായി. സ്റ്റുഡിയോ പുതുതായി കെട്ടിപ്പടുക്കുവാന്‍ സാവകാശം വേണ്ടിയിരുന്നു. യുദ്ധം പെരുമ്പറ മുഴക്കുന്ന നാളുകളാണ്. കൊച്ചിയില്‍ യുദ്ധഭീതി കനത്തതുമായിരുന്നു. തല്‍ക്കാലത്തേക്കെങ്കിലും സ്റ്റുഡിയോ കോട്ടയത്തേയ്ക്കു മാറ്റേണ്ടിവന്നു. ഫോട്ടോഗ്രാഫിക് സാധനങ്ങളുടെ ദൗര്‍ലഭ്യം ഞെരുക്കങ്ങള്‍ വര്‍ധിപ്പിച്ചു.
ഇതിനിടയിലാണ് ചെറിയാന് മാസ്റ്റര്‍ക്കു അപ്പന് തമ്പുരാന്റെ ‘ഭൂതരായരി’ല്‍ അഭിനയിക്കുവാനുള്ള ക്ഷണം വരുന്നത്. പക്ഷെ, ചിത്രം മുടങ്ങിയതോടെ അതിനുവേണ്ടി ചിലവഴിച്ച സമയം വൃഥാവിലായി.
തിരികെയെത്തി നഷ്ടബാക്കികള്ക്കിടയില്നിന്ന് വീണ്ടും നിവര്‍ന്നു നില്‍ക്കാനുള്ള ഭഗീരഥശ്രമങ്ങളിലായി. സന്മാര്‍ഗ്ഗവിലാസ നടനസഭ ഇതിനിടയില്‍ നിഷ്ക്രിയമായിപ്പോയിരുന്നു. പക്ഷെ അതങ്ങനെ അസ്തമിക്കരുതെന്ന വാശി ചെറിയാന്മാസ്റ്ററേക്കാള് കൂടുതലായി അദ്ദേഹത്തിന്റെ മകന് ജോസഫ് ചെറിയാനുണ്ടായി. അദ്ദേഹം മുന്‍കൈയെടുത്ത് നാടകശ്രമങ്ങള്‍ പുനരാരംഭിച്ചു. ‘പി.ജെ. ചെറിയാന് ആന്‍ഡ് പാര്‍ട്ടി സന്മാര്‍ഗവിലാസ നടനസഭ’ എന്നായി പുനര്‍ജ്ജീവിപ്പിച്ച നാടകസംഘത്തിന്റെ പേര്. മിശിഹാചരിത്രത്തിനു പുറമെ, യോഗീന്ദ്രന്, ഫബിയോളാ എന്നീ നാടകങ്ങളും അവര്‍ അവതരിപ്പിച്ചു. നാടകങ്ങളെല്ലാം വന്‍ വിജയങ്ങളായി. സ്റ്റുഡിയോയും അതിനിടയില്‍ കര്മ്മസജീവമായി. യുദ്ധഭീഷണിയുടെ നിഴല്‍ മെല്ലെ വിട്ടൊഴിഞ്ഞു.
കൊച്ചി തുറമുഖത്തിന്റെ ചുമതല വഹിച്ചിരുന്ന സര് റോബര്‍ട്ട് ബ്രിസ്റ്റോയുടെ സ്നേഹസമ്മര്ദ്ദത്തിനു വഴങ്ങി ഇക്കൂട്ടത്തില്‍ വാസ്തുശില്‍പ്പ പ്രകൃതത്തിലുള്ള ഒരു ദൗത്യം കൂടി ചെറിയാന് മാസ്റ്റര്‍ ഏറ്റെടുത്തു. അതേക്കുറിച്ച് തന്റെ ആത്മകഥയില്‍ (എന്റെ കലാജീവിതം) അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു:
”….അന്ന് വെല്ലിങ്ടണ്‍ ഐലന്റ് വെറും റിക്ലമേഷന്‍ ഗ്രൗണ്ടായി, സ്ഥാപനങ്ങളൊന്നുമില്ലാതെ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ (ബ്രിസ്റ്റോയുടെ) ആഫീസും ബംഗ്ലാവുമൊഴികെ മറ്റു കെട്ടിടങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. അവിടെ പണിയുവാന്‍ വിഭാവനം ചെയ്തിട്ടുള്ള കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ കാണുന്ന മാതിരിയുള്ള വെല്ലിങ്ടണ്‍ ദ്വീപിന്റെ ഒരു മലൃശമഹ ുലൃുെലരശേ്ല ്ശലം (ആകാശത്തുനിന്നു നോക്കിയാലുള്ള കാഴ്ച) വരച്ചു പെയിന്റ് ചെയ്തുകൊടുക്കുക എന്നതായിരുന്നു അദ്ദേഹം എന്നെ ഭരമേല്പ്പിച്ച ജോലി….”
ഇന്ന് ലഭ്യമായ സാങ്കേതിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന അന്ന് അസാമാന്യമായ വിരുതോടെയാണ് ചെറിയാന് മാസ്റ്റര്‍ ആ ദൗത്യം പൂര്‍ത്തിയാക്കിയത്. പിന്നീടുയര്ന്നുവരാനിരുന്ന ഐലന്റിന്റെ ഭാവിരൂപം അകക്കണ്ണുകൊണ്ടു കണ്ടളന്നു വിഭാവനം ചെയ്ത ആ രേഖാചിത്രം മാതൃകയാക്കിയാണ് പിന്നീടവിടെ ആദ്യനാളുകളില്‍ ഉയര്‍ന്നുവന്ന എല്ലാ കെട്ടിടങ്ങളും നിര്‍മ്മിക്കപ്പെട്ടത്.
ഇങ്ങനെ ബഹുമുഖവ്യാപൃതമായ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ മുഴുകി നില്‍ക്കുന്നതിനിടയിലാണ് ഈ പരിവൃത്തങ്ങളിലെല്ലാം ഖ്യാതി നേടിയ അദ്ദേഹത്തിന്റെ മൂല്യനിഷ്ഠയുടെ മര്‍മ്മത്തെ സ്പര്‍ശിച്ചുകൊണ്ട് അദ്ദേഹേത്താട് ചലച്ചിത്രരംഗത്തേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നു മഹാകവി വള്ളത്തോള്‍ അഭ്യര്‍ത്ഥിക്കുന്നത്. അതദ്ദേഹം വെല്ലുവിളിയായി ഏറ്റെടുത്തതിന്റെ പുറകില്‍ മുന്‍പേ സൂചിപ്പിച്ചതുപോലെ സിനിമ എന്ന മാധ്യമത്തോടു തോന്നിയിരുന്ന കൗതുക താല്പര്യങ്ങള്കൂടി ഉണ്ടായിരുന്നിരിക്കണം. ഫോട്ടോഗ്രാഫി രംഗത്തും ചിത്രരചനാ രംഗത്തും അദ്വിതീയനായ അദ്ദേഹത്തിന് പ്രകൃത തുടര്‍ച്ചയിലെ ചലിക്കുന്ന ചിത്രങ്ങളുടെ കലയില്‍ താല്പര്യം സ്വതഃസിദ്ധമാകുമല്ലോ. നാടകവഴിയിലെ അനുഭവസമ്പത്ത് ചലിക്കുന്ന ചിത്രങ്ങളിലെ പ്രമേയ നിവേശ സാധ്യതകളില്‍ കൂടുതല്‍ ആത്മവിശ്വാസവും തോന്നിപ്പിച്ചിരിക്കാം.
അങ്ങനെയങ്ങനെയാണ് 1945 അവസാനത്തില്‍ ‘കേരള ടോക്കീസ് ലിമിറ്റഡ്’ എന്ന പേരില്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനി ഉയിരെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: