കളമശേരി: ബൈക്ക് മോഷ്ടിച്ച് വ്യാജ ആര്‍സി ബുക്ക് നല്‍കി മറിച്ച് വില്‍ക്കുന്ന സംഘത്തിനെതിരെ കേസെടുത്തു. കാലടി മാണിക്കമംഗലം വടക്കിനി മാരാത്ത് കൃഷ്ണദാസ് (25), കൂത്താട്ടുകുളം കിഴകൊമ്പ് മതിലകത്തില്‍ വീട്ടില്‍ എബിന്‍ (26),പെരുമ്പാവൂര്‍ മുടിക്കല്‍ വാഴയില്‍ വീട്ടില്‍ ചന്ദ്രബോസ് (52), എന്നിവര്‍ക്ക് എതിരെയാണ് കളമശേരി പോലീസ് കേസ് എടുത്തത്.
വാഹന പരിശോധനയ്‌ക്കിടെ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ അതേ നമ്പറില്‍ മറ്റൊരു ബൈക്ക് തൃശൂര്‍ ജില്ലയില്‍ ഓടുന്നതറിഞ്ഞപ്പോഴാണ് പ്രതികളെ ക്കുറിച്ച് വിവരം ലഭിച്ചത്.
പ്രതികള്‍ സമാന കേസില്‍ കാക്കനാട് ജയിലിലാണ്. മോഷ്ടിച്ച ബൈക്കിന്റെ സമാനരീതിയിലുള്ള മറ്റൊരു വാഹനത്തിന്റെ രേഖകള്‍ മോട്ടോര്‍ വകുപ്പിന്റെ സൈറ്റില്‍ കയറി ശേഖരിക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്. അതിനു ശേഷം വ്യാജ ആര്‍സി തയ്യാറാക്കുകയും ചെയ്യും. കൂടാതെ എഞ്ചിന്‍ നമ്പറും ചേസിസ് നമ്പറും പുതിയതായി പഞ്ച് ചെയ്യും. വാഹനം ഇത്തരത്തില്‍ മറിച്ചുവില്‍ക്കുകയാണ് ഈ സംഘത്തിന്റെ പരിപാടി. എബിനും കൃഷ്ണദാസുമാണ് വാഹനങ്ങള്‍ മോഷ്ടിക്കുന്നത്.
ചന്ദ്ര ബോസാണ് വ്യാജരേഖകള്‍ തയ്യാറാക്കുന്നത്. രണ്ടാംപ്രതി എബിന്റെ അമ്മയെ മൂന്നാം പ്രതി ചന്ദ്ര ബോസ് വിവാഹം കഴിച്ചിട്ടുണ്ട്. കളമശേരി എസ് ഐ ഈ വി. ഷിബു, എ എസ് ഐമാരായ ശെല്‍വരാജ്, ജോണ്‍, സീനിയര്‍ സി പിഓ വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്.
















