കൊച്ചി: ടീം സോളാര്‍ കമ്പനി സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് കോട്ടയം കളക്ടര്‍ക്ക് നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നത് ശരിയാണെന്ന് കോട്ടയം ജില്ലാ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ മൊഴി. ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷനില്‍, കോട്ടയം ജില്ലാ എഡിസി ഷിനോ പി എസ് ആണ് മൊഴി നല്‍കിയത്.
2012 ഫെബ്രുവരി 13നാണ് മോന്‍സ് ജോസഫ് എംഎല്‍എ അന്നത്തെ കോട്ടയം കളക്ടര്‍ മിനി ആന്റണിക്ക് ഇതുസംബന്ധിച്ച കത്ത് അയച്ചത്. വൈദ്യുതി വിതരണത്തില്‍ പിന്നോക്കം നില്‍ക്കുന്ന മണ്ഡലമായ കടുത്തുരുത്തിയെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്. മണ്ഡലത്തില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിന്, സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ടീം സോളാര്‍ എന്ന കമ്പനിയില്‍നിന്ന് ഒരു പദ്ധതി ലഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ആനുകൂല്യം ഉപയോഗിച്ച് കടുത്തുരുത്തി ടൗണില്‍ ഇത്തരം വിളക്കുകള്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടല്‍നിന്ന് രണ്ടുലക്ഷം രൂപ അനുവദിക്കുന്നു. ഇതിനാവശ്യമായ പദ്ധതി റിപ്പോര്‍ട്ടും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്നാണ് കത്തില്‍ പറയുന്നത്. കത്ത് കളക്ടര്‍ ജില്ലാ എഡിസിക്ക് കൈമാറി. കത്തില്‍ ഇപ്രകാരമുണ്ടെങ്കിലും ഇതു സംബന്ധിച്ച് തുടര്‍ നടപടികളുണ്ടായതായി ഫയലില്‍ കാണുന്നില്ല. ഇതിനായി പ്രത്യേകം ഫയലുള്ളതായും കാണുന്നില്ലെന്ന് ഷിനോ മൊഴി നല്‍കി.
















