കൊച്ചി: സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപിനാഥിന് കുത്തേറ്റ സംഭവത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തി ഗോപിനാഥിന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പോലീസിന്റെയും പാര്‍ട്ടിയുടെയും അന്വേഷണം കാര്യക്ഷമമല്ല. കുത്തേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതി വാടകക്കൊലയാളിയാണെന്നും മക്കളായ ദിവ്യയും വൃന്ദയും പിണറായി വിജയന് നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണത്തിന് പാര്‍ട്ടിക്ക് വേണ്ടത്ര താല്‍പര്യമില്ല. പാര്‍ട്ടിയിലെ ചില പ്രശ്‌നങ്ങളുടെ പേരില്‍ അച്ഛന് ഭീഷണിയുണ്ടായിരുന്നതായും മക്കളുടെ പരാതിയില്‍ പറയുന്നു.
പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം. ഓണ്‍ലൈന്‍ ടാക്‌സിക്കെതിരായ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങവേ ഈ മാസം 8 ന് പാലാരിവട്ടത്ത് വച്ചാണ് ഗോപിനാഥിന് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ ഗോപിനാഥ് സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്. സംഭവത്തില്‍ വടകര സ്വദേശി ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു. സിപിഎം വിരോധമാണ് ആക്രമിക്കാന്‍ കാരണമെന്നാണ് ഉണ്ണികൃഷ്ണന്‍ പോലീസിനോട് പറഞ്ഞത്.
















