കാസര്‍കോട്: കാസര്‍കോട്ടേയും പരിസര പ്രദേശങ്ങളിലേയും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും ജലസേചനത്തിനുമായി പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെടുകയും 2005 ല്‍ ആരംഭിച്ചതുമായ ബാവിക്കര റഗുലേറ്റര്‍ പദ്ധതി ഇപ്പോഴും കോണ്‍ക്രീറ്റ് തൂണുകളില്‍ ഒതുങ്ങിക്കിടക്കുകയാണ്. ബാവിക്കര റഗുലേറ്റര്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന സമരം ശക്തമാക്കുന്നു. പദ്ധതിയുടെ ആദ്യ കരാറുകാരന് പണിനിര്‍ത്തിപ്പോയതിനു ശേഷം എസ്റ്റിമേറ്റില്‍ വലിയ വര്‍ദ്ധനവ് വരുത്തി പുതിയ കരാറുകാരന് പ്രവൃത്തിയേറ്റെടുക്കുകയുണ്ടായി. അദ്ദേഹവും പാതി വഴിയില്‍ പ്രവൃത്തി നിര്‍ത്തിപ്പോവുകയും രണ്ട് കരാറുകാരും ചേര്ന് 4.39 കോടി രൂപ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാര്‍ട്ട് ബില്ലായി കൈപ്പറ്റുകയും ചെയ്തു.
ഇതേ തുടര്‍ന്ന് പദ്ധതി പ്രദേശത്തെ നാട്ടുകാരും പൊതു പ്രവര്‍ത്തകരും, ജനപ്രതിനിധികളും ചേര്‍ന്ന് 2015 ഫെബ്രുവരിയില്‍ ഒരു ജനകീയ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും പദ്ധതി യഥാസ്ഥലത്ത് ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂലമായ ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ മുടക്കി താല്‍ക്കാലിക തടയണ നിര്‍മ്മിച്ചാണ് ഉപ്പുവെള്ള പ്രശ്നം പരിഹിരിക്കുന്നത്. സ്ഥിരം റഗുലേറ്ററിന്റെ പണി യഥാസ്ഥാനത്ത് പുനരാരംഭിക്കാതെ താല്‍ക്കാലിക തടയണ നിര്‍മ്മിക്കാന്‍ അനുവദിക്കില്ല എന്ന് ആക്ഷന്‍ കമ്മിറ്റി നിലപാടെടുത്തതിനെ തൂടര്‍ന്ന് 2016 ജനുവരി 27 ന് തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ച നടന്നിരുന്നു. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ്, ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്, കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ആക്ഷന്‍ കമ്മറ്റിയുടെ ആവശ്യം അംഗീകരിക്കുകയും പദ്ധതി യഥാസ്ഥാനത്ത് പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ ഫെബ്രുവരി 20 നകം കൈക്കൊള്ളുമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. തീരുമാനം പദ്ധതി പ്രദേശത്ത് ജനകീയ ആക്ഷന്‍ കമ്മറ്റിയുടെ വിപുലമായ യോഗത്തില്‍ മേല്‍പ്പറഞ്ഞ രണ്ട് എംഎല്‍എമാരും വന്ന് വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
തെരെഞ്ഞെടുപ്പ് സമയത്ത് താല്‍ക്കാലിക തടയണ നിര്‍മ്മാണത്തിനുള്ള തടസ്സം ഒഴിവാക്കാന്‍ ആക്ഷന്‍ കമ്മറ്റിയെയും ജനങ്ങളെയും ബോധപൂര്‍വ്വം കബളിപ്പിക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്. പദ്ധതി സ്ഥലം മാറ്റേണ്ടുന്ന ഒരാവശ്യവും മന്ത്രിതല യോഗത്തില്‍ ഒരു ഉദ്യോഗസ്ഥനും ഉന്നയിച്ചിരുന്നില്ല. പഠനം നടത്തി ആവശ്യമെങ്കില്‍ പദ്ധതി സ്ഥലം മാറ്റണമെന്ന് കാസര്‍കോട് എംഎല്‍എ ആവശ്യപ്പെട്ടതായും പരിഗണിക്കാമെന്ന്് ജലവിഭവ വകുപ്പ് മന്ത്രി മറുപടി പറഞ്ഞതായും മാധ്യമങ്ങളിലൂടെയാണ് ജനങ്ങള്‍ അറിഞ്ഞത്.
ഈ പദ്ധതിയെ അഴിമതിയുടെ കറവപ്പശുവായി നീട്ടിക്കൊണ്ട് പോകുന്നതിനും കരാറുകാരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത്തരമൊരു നിലപാടെടുക്കുന്നതെന്ന് ആക്ഷന്‍ കമ്മറ്റി ആരോപിച്ചു. പിന്നീട് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ കഴിഞ്ഞ ആഗസ്റ്റ് 25 ന് തിരുവനന്തപുരത്ത് പോയി വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കുകിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രകാരമേ തീരുമാനമെടുക്കാന്‍ സാധിക്കൂവെന്നാണ് മന്ത്രി വ്യക്തമാക്കി.
ജനകീയ പ്രശ്നം വളരെ ലാഘവത്തോടെ കൈകാര്യെ ചെയ്യുകയാണ് മാറി മാറി വന്ന സര്‍ക്കാറുകള്‍ ചെയ്യുന്നത്. പദ്ധതി സ്ഥലം മാറ്റിയാല്‍ പല ചോദ്യങ്ങളും ഉയര്‍ന്നു വരും. കരാര്‍ ലംഘനം നടത്തിയ രണ്ട് കരാറുകാരും ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 4.39 കോടി രൂപയാണ് പാര്‍ട്ട് ബില്ലായി കൈപ്പറ്റിയിട്ടുള്ളത്. പൊതുഖജനാവിന് വന്ന ഈ ഭീമമായ നഷ്ടമെങ്ങനെ വീണ്ടെടുക്കുമെന്നതും ചോദ്യമായി അവശേഷിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കായി ഏക്കര്‍ കണക്കിനു പുഴ നികത്തിയതും പകുതിയോളം നടന്ന നിര്‍മ്മാണ പ്രവര്‍ത്തനവും ആര് എങ്ങനെ പൊളിച്ച് നീക്കി പുഴയെ വീണ്ടെടുക്കുമെന്ന ചോദ്യത്തിനും അധികൃതര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. പുഴ നികത്തപ്പെട്ടത് കാരണം മഴക്കാലത്ത് പുഴയുടെ ഇരു കൈവഴികളുമായി കുത്തിയൊലിച്ച് വരുന്ന മഴവെളളം പുഴയുടെ മറുഭാഗം കേന്ദ്രീകരിച്ച് പോകുന്നതിനാല്‍ ഉണ്ടാകുന്ന കരയിടിച്ചിലും കൃഷിനാശവും എങ്ങനെ പരിഹരിക്കുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ചോദിച്ചു.
ഇക്കാരണങ്ങളാലാണ് പദ്ധതി എന്ത് നഷ്ടം സഹിച്ചും യഥാസ്ഥാനത്ത് തന്നെ പൂര്‍ത്തികരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഉറച്ച നിലപാടെടുക്കുന്നത്. പദ്ധതി സ്ഥലം മാറ്റാനുളള നീക്കത്തെ എന്ത് ത്യാഗം സഹിച്ചും ചെറുക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുളളത്. യഥാസ്ഥാനത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുളള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണം. പുതിയ മാതൃക ആവശ്യമാണെങ്കില്‍ അതും, എസ്റ്റിമേറ്റും, ടെന്‍ഡര്‍ നടപടികളും ഉടന്‍ പൂര്‍ത്തീകരിച്ച് താല്കാലിക തടയണ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പായി റഗുലേറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിക്കണം. അല്ലാത്തപക്ഷം താല്‍ക്കാലിക തടയണ നിര്‍മ്മാണ പ്രവര്‍ത്തനം ആക്ഷന്‍ കമ്മിറ്റി അനുവദിക്കില്ല. ഒരിക്കല്‍കൂടി ജനങ്ങളെ കബളിപ്പിക്കാന്‍ സമ്മതിക്കില്ല.
നാളെ രാവിലെ 10 മണിക്ക് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പൊതുഖജനാവ് സംരക്ഷിക്കുന്നതിനും അഴിമതി തടയുന്നതിനും, ജലം, പുഴ പ്രകൃതി എന്നിവയെ സംരക്ഷിക്കുന്നതിനും സര്‍വ്വോപരി കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുന്നതിനും വേണ്ടിയുള്ള ഈ ജനകീയ സമരത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മറ്റി ചെയര്മാന് ഇ കുഞ്ഞിക്കണ്ണന്, കണ്‍വീനര്‍ മുനീര്‍ മുനമ്പം, വാലു ചട്ടഞ്ചാല്‍, അബ്ദുല്ല ആലൂര്, ബാലഗോപാലന് ബിട്ടിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: