മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം പൂര്‍ണ്ണതയോടടുക്കുമ്പോള്‍ പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും പുനരധിവാസ പാക്കേജ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുടിയിറക്ക് വിരുദ്ധ കര്‍മ്മസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
1998മുതല്‍ നിരന്തര സമരങ്ങളുടേയും നിയമ പോരാട്ടത്തിന്റേയും ഫലമായി കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഎല്‍എയായിരുന്ന കെ.കെ.ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ രൂപം കൊണ്ട പാക്കേജ് പ്രകാരം പുനരധിവാസിക്കപ്പെട്ടവര്‍ക്ക് ലഭിക്കേണ്ടതായ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. ഫയര്‍ ആന്റ് റസ്‌ക്യു ഫോഴ്‌സിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ച് ലക്ഷക്കണക്കിന് ഉദ്യോഗര്‍ത്ഥികളില്‍ നിന്നും കുടിയിറക്കപ്പെട്ട കുടുംബത്തിലെ അംഗത്തിന് 5 മാര്‍ക്ക് അധികംനല്‍കി പരിഗണന നല്‍കുമെന്ന വാദത്തിലൂടെ വീട് നഷ്ടപ്പെട്ടവരെ വഞ്ചിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നത്. വിമാനത്താവളത്തിലെ തൂപ്പ് ജോലിക്ക് പോലും സാങ്കേതിക പരിജ്ഞാനം വേണമെന്ന വാദം പിന്നാമ്പുറത്തുകാര്‍ക്ക് വേണ്ടിയാണ്. നിലവില്‍ കിയാലില്‍ നടന്ന താല്‍ക്കാലികവും സ്ഥിരവുമായ തൊഴിലവസരങ്ങളില്‍ കുടിയിറക്കപ്പെട്ട ആരേയും പരിഗണിച്ചിട്ടില്ല. കുടിയിറക്കപ്പെട്ടവര്‍ക്ക് ഘട്ടംഘട്ടമായെങ്കിലും തൊഴില്‍ ലഭ്യമാകുന്നതിന് ഓരോ തൊഴില്‍ മേഖലയിലും നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു.
അര്‍ഹമായ അവകാശങ്ങള്‍ യഥാസമയം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുവാന്‍, കുടിയിറക്കപ്പെട്ടവരുടെയും അടുത്തഘട്ടം കുടിയിറക്കപ്പെടുന്നവരുടേയും യോഗം ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കല്ലേരിക്കരയില്‍ ചേരുമെന്ന് കര്‍മ്മ സമിതി ഭാരവാഹികളായ വി.കരുണാകരന്‍, എ.സദാനന്ദന്‍ എന്നിവര്‍ അറിയിച്ചു.
















