കണ്ണൂര്‍: അക്ഷയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ജില്ലാതല ആഘോഷ പരിപാടികള്‍ ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ തരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
നിലവില്‍ അക്ഷയയില്‍ ലഭ്യമായിട്ടുള്ള സേവനങ്ങള്‍, വേതന നിരക്കുകള്‍ എന്നിവയെ കുറിച്ചുള്ള അവബോധമാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളിലേക്ക് സര്‍ക്കാര്‍ സേവനങ്ങളെ പറ്റി കൂടുതല്‍ അവബോധം സൃഷ്ടിക്കാനാവുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് വിവിധതരം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 219 അക്ഷയ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
















