കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പാലത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും മയക്കുമരുന്നായ ചരസ് പിടികൂടി. 200 ഗ്രാം വീതമുള്ള 25 പാക്കറ്റ് ചരസാണ് തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ എ.ജി.പ്രകാശിന്റെ നേതൃത്വത്തില്‍ ഇന്റലിജന്റ്സ് ഇന്‍സ്പെക്ടര്‍ അജിരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജിന്റോ ജോണ്‍, സബീഷ്, അനന്തന് എന്നിവരടങ്ങുന്ന സംഘം കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പാലത്തിനടുത്തെത്തുകയും ചരസ് പിടികൂടുകയുമായിരുന്നു. എക്സൈസ് സംഘത്തെ കണ്ടയുടന്‍ മയക്കുമരുന്നു വില്‍പ്പനക്കാര്‍ ഓടി രക്ഷപ്പെട്ടു. പറമ്പില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ചരസ്. വിപണിയില്‍ ഒരു ലക്ഷത്തിലധികം വിലവരുന്നതാണ് പിടിച്ചെടുത്ത ചരസെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഹാഷിഷ് ഓയില്‍ ഡ്രൈ ആക്കിയാണ് ചരസ് നിര്‍മിക്കുന്നത്. കഞ്ചാവിനേക്കാള്‍ വിലയും വീര്യവും കൂടുതലുള്ള ചരസ് പൊതുവെ വിദേശികളാണ് ഉപയോഗിക്കാറുള്ളത്. എറണാകുളത്തു നിന്നാണ് ഇത് ജില്ല അതിര്‍ത്തി കടന്ന് കൊടുങ്ങല്ലൂരിലെത്തിയതെന്നാണ് എക്സൈസ് കരുതുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചതായി സിഐ പ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: