കല്‍പ്പറ്റ : ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍(ഡിടിപിസി) ഭരണസമിതി പുനഃസംഘടനയില്‍ ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം നേരത്തേ വരുതിയിലാക്കിയ സിപിഎം ഡിടിപിസി പുനഃസംഘടനയിലും സിപിഐയെ മൂലയ്ക്കിരുത്തി.
ടൂറിസം മേഖലയിലെ ശ്രേഷ്ഠവ്യക്തികള്‍ എന്ന പരിഗണന നല്കി ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയ മൂന്നു പേരും സിപിഎം നേതാക്കളാണ്. ഇതേ പാര്‍ട്ടിയില്‍പ്പെട്ടവരാണ് സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്ന നിലയില്‍ ഭരണസമിതിയില്‍ അംഗത്വം ലഭിച്ച രണ്ടു പേരും. ശ്രേഷ്ഠവ്യക്തികളുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും പട്ടികയില്‍ ഇടം ലഭിക്കാതിരുന്നത് സിപിഐ ജില്ലാ ഘടകത്തില്‍ ചര്‍ച്ചയായിരിക്കയാണ്. ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് അടക്കം പറയുന്നവര്‍ അണികളില്‍ നിരവധി.
ടൂറിസം രംഗത്തെ വിശിഷ്ട വ്യക്തികളായി സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയുമായ ബത്തേരി കട്ടയാട് അമൃത നിവാസില്‍ കെ. ശശാങ്കന്, പുല്പള്ളി ഏരിയ സെക്രട്ടറി പുല്പള്ളി മണക്കുന്നേല്‍ എം.എസ്. സുരേഷ്ബാബു, സിപിഎം ജില്ലാ കമ്മിറ്റിയംഗവും പ്ലാന്റേഷന് ലേബര്‍ കമ്മിറ്റിയംഗവുമായ മാനന്തവാടി കാട്ടിക്കുളം കോമാട്ടുവീട് പി.വി. സഹദേവന് എന്നിവരാണ് ഭരണസമിയില്‍ ഇടം പിടിച്ചത്. ഇവരില്‍ ശശാങ്കനെയും സുരേഷ്ബബുവിനെയും എക്സിക്യുട്ടീവ് കമ്മിറ്റിയിലും ഉള്‍പ്പെടുത്തി.
എന്‍ജിഒ പ്രതിനിധികളായി സിപിഎം ജില്ലാ കമ്മിറ്റിയംഗവും കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗവുമായ പൊഴുതന മണത്തിക്കല് എം. സെയ്ത്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് നീര്‍വാരം പാലാട്ടുതടത്തില് കെ.പി. ഷിജു എന്നിവര്‍ക്കാണ് പാര്‍ട്ടി നറുക്ക് വീണത്. ഇവര്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലും ഉണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്ന നിലയില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി എന്നീ സിപിഎമ്മുകാരാണ് ഭരണസമിതിയിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനു നല്‍കേണ്ട സ്ഥാനം രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി നഗരസഭ ഉപാധ്യക്ഷയ്ക്ക് കൊടുത്തത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന ആക്ഷേപത്തിനും കാരണമായിട്ടുണ്ട്. ജില്ലയില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മാത്രമാണ് സിപിഎമ്മിനു ഭരണസാരഥ്യം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലിം ലീഗിലെ പ്രീത രാമനും പനമരം ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ടി.എസ്. ദലീപ്കുമാറും കല്പറ്റയില് ഇതേ പാര്‍ട്ടിയിലെ ശകുന്തള ഷണ്‍മുഖനുമാണ് പ്രസിഡന്റുമാര്‍.
ഡിടിപിസി ഭരണസമിതിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്ന നിലയില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാറും തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവിയുമാണ് ഇടം കണ്ടെത്തിയത്. സിപിഎമ്മുകാരാണ് ഇവരും. ഇതില്‍ ശോഭന്‍കുമാര്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലും ഉണ്ട്.
ജില്ലയില്‍നിന്നുള്ള എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, വയനാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം), കെഎസ്ഇബി എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍, കോളീജിയറ്റ് എജ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്നിവരാണ് ഡിടി.പിസി ഭരണസമിതിയിലെ മറ്റംഗങ്ങള്‍. ഇതില്‍ എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍(ചെയര്മാന്), ഡിടിപിസി സെക്രട്ടറി, മരാമത്ത് റോഡ് വിഭാഗം, ജലവിഭവ വകുപ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം), ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയില്‍.
ഭരണസമിതിയിലും എക്സിക്യുട്ടീവിലും ടൂറിസം രംഗത്തെ ശ്രേഷ്ഠവ്യക്തികള്‍ എന്ന നിലയില്‍ തിരുകിക്കയറ്റിയവര്‍ വിനോദസഞ്ചാരമേഖയുമായി നേരിട്ട് ബന്ധമില്ലാത്തവരാണെന്ന മുറുമുറുപ്പും സിപിഎം പ്രാദേശിക ഘടകങ്ങളിലടക്കം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: